World

ഇരു കൊറിയകളും തമ്മില്‍ ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തി

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനും നേരിട്ടു സംഭാഷണം നടത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തി. ഈ മാസം അവസാനം ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് ഹോട്ട്‌ലൈന്‍ ഏര്‍പ്പെടുത്തിയത്.
ഹോട്ട്‌ലൈന്‍ പരീക്ഷണ വിളി വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. സംഭാഷണം നാലു മിനിറ്റ് 17 സെക്കന്‍ഡ് നീണ്ടുനിന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ബ്ലൂ ഹൗസും ഉത്തര കൊറിയയിലെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സ്‌റ്റേറ്റ് അഫയര്‍ കമ്മീഷനും തമ്മിലാണ് ഹോട്ട്‌ലൈന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. കിമ്മും മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പ് ടെലിഫോണ്‍ സംഭാഷണം നടത്തിയേക്കാമെന്നു ബ്ലൂ ഹൗസ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. മൂണ്‍ ജെ ഇന്നിന്റെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ മാസം ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിക്കാന്‍ ധാരണയായത്.
ഇരു കൊറിയകളും തമ്മില്‍ മൂന്നാമത്തെ ഉച്ചകോടിയാണ് നടക്കാനിരിക്കുന്നത്. നേരത്തേ 2000ലും 2007ലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയ പങ്കെടുത്തതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുങ്ങുകയായിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ഉത്തര കൊറിയയും യുഎസും തമ്മിലും ചര്‍ച്ച നടത്തും.
ഉച്ചകോടിക്ക് മുന്നോടിയായി ഉത്തര കൊറിയന്‍ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ചേര്‍ന്നതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നൂറിലധികം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉച്ചകോടക്ക് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പാര്‍ട്ടി യോഗം വിളിക്കുന്നത്.
Next Story

RELATED STORIES

Share it