ഇരുട്ടിലെ കറുത്ത പൂച്ചയാവരുത് ആരോഗ്യരംഗം

അവകാശങ്ങള്‍  നിഷേധങ്ങള്‍ -  ബാബുരാജ് ബി എസ്
കഴിഞ്ഞ ദിവസം ഓച്ചിറയില്‍ വൃക്കരോഗിയായ യുവാവു മരിച്ചു. ഡയാലിസിസ് അല്ലാതെ രക്ഷയില്ലെന്ന് ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കേസില്‍ ഒരു നാട്ടുചികില്‍സകന്‍ രോഗം മാറ്റാമെന്ന് അവകാശപ്പെടുകയും താമസിയാതെ രോഗി മരണപ്പെടുകയുമായിരുന്നു. സംഭവം പുറംലോകത്തെത്തിച്ചത് ഒരു യുവ ഇംഗ്ലീഷ് ചികില്‍സകയാണ്. വ്യാജവൈദ്യന്റെ ചികില്‍സാകേന്ദ്രത്തില്‍ വച്ച് അശാസ്ത്രീയ ചികില്‍സാപരീക്ഷണത്തിന് ഇരയായാണ് മരണമുണ്ടായതെന്ന് ഡോക്ടര്‍ എഴുതി. ഇതു സാധാരണ മരണമല്ലെന്നും വ്യാജ ചികില്‍സകരുടെ കൊലപാതകമാണെന്നും അവര്‍ ആരോപിച്ചു. മാറാരോഗങ്ങള്‍ മാറ്റാമെന്നു പറഞ്ഞ് രോഗികളെ പറ്റിക്കുന്ന നാട്ടുചികില്‍സകരും അവരെ പിന്താങ്ങുന്നവരും ഇതില്‍ ഉത്തരവാദികളാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്.
ഇനി മറ്റൊരു സംഭവം: ബൈക്കില്‍ നിന്നു വീണ് ഒരു യുവാവിന് പരിക്കുപറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഓപറേഷന്‍ വേണം. പക്ഷേ, ബിപി കൂടുതലായതിനാല്‍ ഓപറേഷന്‍ നടക്കില്ല. ആദ്യം ബിപി കുറയ്ക്കണം. ഡോക്ടര്‍ മരുന്നുകൊടുത്തു. പക്ഷേ, ബിപി വഴങ്ങിയില്ല. ഇനി എന്തുചെയ്യും? ഡോക്ടര്‍ കൈമലര്‍ത്തി. രോഗി വെട്ടിലായി. അപ്പോഴാണ് കോയമ്പത്തൂരിലെ ഒരു നാടന്‍ചികില്‍സാലയത്തെക്കുറിച്ച് കേള്‍ക്കുന്നത്. യുവാവ് അങ്ങോട്ടു വച്ചുപിടിച്ചു. കൈയില്‍ അവര്‍ എന്തൊക്കെയോ ചെയ്തു. പോരുമ്പോള്‍ ധാരകോരാന്‍ ഒരു എണ്ണയും കൊടുത്തു. അടുത്തയാഴ്ച വീണ്ടും ചെല്ലണം. ആദ്യ ആഴ്ച നീരു വറ്റി. പതുക്കെ വേദനയും അപ്രത്യക്ഷമായി. ഒരുമാസത്തിനുള്ളില്‍ രോഗം മാറി. ചെലവ് 5000ല്‍ താഴെ.
ഇതു രണ്ടു സംഭവങ്ങളാണ്. ആദ്യത്തേത് വ്യാജ ചികില്‍സകന്‍ ഉണ്ടാക്കിയ പൊല്ലാപ്പാണെങ്കില്‍ രണ്ടാമത്തേത് ഇംഗ്ലീഷ് ചികില്‍സകന്‍ കൈയൊഴിഞ്ഞ കേസ് മറ്റൊരാള്‍ പരിഹരിച്ചതാണ്. നല്ല അനുഭവങ്ങള്‍ പലതുണ്ടെങ്കിലും ആരോഗ്യരംഗത്ത് വ്യാജ ചികില്‍സകരുണ്ടെന്നതു സത്യം തന്നെ. ആദ്യ സംഭവത്തില്‍ ഡോക്ടര്‍ പ്രകടിപ്പിച്ച വികാരം ന്യായമാണ്. അതേസമയം, നാടന്‍ ചികില്‍സാപദ്ധതികളെ താഴ്ത്തിക്കെട്ടാനും ഇംഗ്ലീഷ് ഡോക്ടര്‍മാര്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്താറുണ്ട്. നിയമം എന്തുപറഞ്ഞാലും നാടന്‍ ചികില്‍സകര്‍ പല രോഗങ്ങളും ഫലപ്രദമായി മാറ്റാറുണ്ടെന്ന് ജനം വിശ്വസിക്കുന്നു. അത് ഒരു പരിധിവരെ ശരിയുമാണ്.
അതിനര്‍ഥം നിയന്ത്രണങ്ങള്‍ വേണ്ട എന്നല്ല, മറിച്ച് അത്യാവശ്യമാണ്. അത് എങ്ങനെ ചെയ്യും എന്നിടത്താണു പ്രശ്‌നം. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് അലോപ്പതിയുടെ യുക്തിയാവുമ്പോള്‍ മറ്റു ചികില്‍സാപദ്ധതികള്‍ പാസ്മാര്‍ക്ക് വാങ്ങാന്‍ തന്നെ ബുദ്ധിമുട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെയാണ് സര്‍ക്കാര്‍ ഇടപെടേണ്ടത്. വ്യത്യസ്ത ചികില്‍സാമാര്‍ഗങ്ങളെ പരിശോധിക്കാനും മനസ്സിലാക്കാനുമുള്ള ഒരു സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തിയെടുക്കുകയാണ് അഭികാമ്യം. അതുപക്ഷേ, അലോപ്പതി മൗലികവാദികളുടെ മുന്‍കൈയിലാവാനും പാടില്ല.
ഇതൊക്കെ അലോപ്പതിയേതര ചികില്‍സയുടെ കാര്യമാണെങ്കില്‍ ഒരു കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് അലോപ്പതിക്കും ആവാം. ശരിക്കും ഏതൊക്കെ രോഗങ്ങളുടെ ചികില്‍സയ്ക്കാണ് അലോപ്പതി ഫലപ്രദമെന്നും പരിശോധിക്കണം. വ്യാജ ഇംഗ്ലീഷ് ഡോക്ടര്‍മാരെ കുറിച്ചല്ല പറഞ്ഞുവരുന്നത്, ഒരു ചികില്‍സാപദ്ധതി എന്ന നിലയില്‍ അലോപ്പതി പരിശോധിക്കപ്പെടണമെന്നാണ്.
ചരിത്രപരമായി നോക്കിയാല്‍ അലോപ്പതിയെ വളരെ സ്വാഭാവികമായി നമ്മുടെ നാട്ടുകാര്‍ സ്വീകരിക്കുകയായിരുന്നില്ല. അധികാരപ്രയോഗവും അതിനു കാരണമായിട്ടുണ്ട്. 1915ല്‍ മദിരാശി സര്‍ക്കാര്‍ രസകരമായ ഒരു കല്‍പന പുറപ്പെടുവിച്ചു. തിമിരത്തിന് അലോപ്പതിയാണു നല്ലതെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. തങ്ങള്‍ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സര്‍ജന്‍ ജനറല്‍ അവകാശപ്പെട്ടു. നാട്ടുചികില്‍സയിലൂടെ തിമിരം ചികില്‍സിച്ചാല്‍ 100ല്‍ 41നു മാത്രമേ ഗുണം കിട്ടുന്നുള്ളൂവെന്നും അലോപ്പതിക്ക് അത് 90 ആണെന്നുമായിരുന്നു അവകാശവാദം. ഇത്തരത്തില്‍ പ്രചാരണങ്ങളിലൂടെയും അധികാരപ്രയോഗത്തിലൂടെയുമാണ് അലോപ്പതി മുന്നേറിയത്. ഈ മുന്നേറ്റത്തില്‍ വ്യാപാരതാല്‍പര്യത്തിന് വലിയ പങ്കുണ്ടെന്ന കാര്യം രഹസ്യമല്ല.
പറഞ്ഞുവരുന്നത് മറ്റു ചികില്‍സാപദ്ധതികളോടൊപ്പം അലോപ്പതിയും ഗുണദോഷവിചാരത്തിനും കോസ്റ്റ് ബെനിഫിറ്റ് അനാലിസിസിനും വിധേയമാക്കണമെന്നാണ്. വ്യാപാര താല്‍പര്യങ്ങള്‍ വന്‍തോതില്‍ അനുഭവപ്പെടുന്ന ഇടമായതിനാല്‍ അത് അടിയന്തരവുമാണ്. നാം കഴിക്കുന്ന മരുന്ന്, വിധേയമാവുന്ന പരിശോധനകള്‍ ഇതൊക്കെ യഥാര്‍ഥത്തില്‍ വേണ്ടതുതന്നെയോ എന്നും പരിശോധിക്കേണ്ടതുണ്ട്. മരുന്നുപ്രയോഗത്തിലൂടെയാണോ അതോ രോഗങ്ങള്‍ സ്വാഭാവികമായി മാറിയതാണോ എന്നും പഠിക്കണം. ഇത്തരം ഇടപെടലുകള്‍ അലോപ്പതിക്കാരില്‍ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. സങ്കുചിതത്വം അവരില്‍ പലരുടെയും മുഖമുദ്രയാണ്. ആയുര്‍വേദക്കാരെ സര്‍ജറി പഠിപ്പിക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച കഥയൊക്കെ ഓര്‍മയുണ്ടല്ലോ. ഇവിടെയും സര്‍ക്കാരിന് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. അലോപ്പതി ചികില്‍സാരംഗം ഇരുട്ടിലെ കറുത്ത പൂച്ചയായി ഇനിയും തുടര്‍ന്നുകൂടാ. മറ്റു ചികില്‍സാപദ്ധതികളോടൊപ്പം അലോപ്പതിയും ഗുണദോഷവിചാരത്തിനു വിധേയമാവണം.               ി
Next Story

RELATED STORIES

Share it