ഇരിണാവിലെ കോസ്റ്റ്ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്കു പറിച്ചുനടുന്നു

സ്വന്തം  പ്രതിനിധി

കണ്ണൂര്‍: കേരളത്തിന് അനുവദിച്ച രാജ്യത്തെ ആദ്യത്തെ നിര്‍ദിഷ്ട കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്കു പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു കര്‍ണാടകയിലേക്കു പറിച്ചുനടാന്‍ അണിയറയില്‍ നീക്കം ശക്തമായിട്ടും സംസ്ഥാന സര്‍ക്കാര്‍ മൗനത്തില്‍. ഇരിണാവ് മടക്കര പ്രദേശത്തെ 164 ഏക്കര്‍ സ്ഥലത്തു സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്ന അക്കാദമിയാണു മംഗളൂരു തുറമുഖത്തിനു സമീപത്തെ ബൈക്കംപാടിയിലേക്കു മാറ്റാനൊരുങ്ങുന്നത്. ഇവിടെ 160 ഏക്കറില്‍ കോസ്റ്റ്ഗാര്‍ഡ് പരിശീലന കേന്ദ്രം തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. 2011 മെയില്‍ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കു തറക്കല്ലിട്ടത്. 600 കോടി രൂപയായിരുന്നു മതിപ്പു ചെലവ്. രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തീരസേനയ്ക്കു പുറമെ സിഐഎസ്എഫ്, മറൈന്‍ പോലിസ്, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങള്‍ക്കു പരിശീലനം നല്‍കുകയാണു കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ ലക്ഷ്യം.  എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. തീരപരിപാലന അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതും ഫണ്ടിന്റെ അഭാവവുമാണു പദ്ധതി മുടങ്ങാന്‍ കാരണം. പാരിസ്ഥിതികാഘാത പഠനം നടത്തി തീരപരിപാലന അതോറിറ്റിയുടെ അനുമതി തേടണമെന്നു പിന്നീടു നിര്‍ദേശമുണ്ടായി. ഇതു പ്രകാരം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പുതുക്കിയ പാരിസ്ഥിതികാഘാത പഠന റിപോര്‍ട്ട് സഹിതം 2015ല്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വനം, പരിസ്ഥിതി മന്ത്രാലയം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കണ്ടലുകള്‍ നിറഞ്ഞ വളപട്ടണം പുഴയോര പ്രദേശത്ത് ഒരുതരത്തിലുള്ള നിര്‍മാണവും അനുവദിക്കാന്‍ കഴിയില്ലെന്നാണു  തീരപരിപാലന അതോറിറ്റിയുടെ നിലപാട്. തറക്കല്ലിട്ട് ആറുവര്‍ഷം കഴിഞ്ഞിട്ടും കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. കുറച്ചു ഭാഗത്തെ ചതുപ്പുനിലം മണ്ണിട്ടുയര്‍ത്തി. ചുറ്റും കമ്പിവേലി കെട്ടി ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അക്കാദമി എന്ന ബോര്‍ഡും ഗേറ്റും സ്ഥാപിച്ചു. കാവലിനു സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. ശുദ്ധജലം ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കെട്ടിവച്ച തുകയടക്കം 35 കോടി രൂപ ഇതിനകം ചെലവായി. താപനിലയവും സിമന്റ് പ്ലാ ന്റും സ്ഥാപിക്കാന്‍ സ്വകാര്യകമ്പനി വിലയ്ക്കു വാങ്ങിയ ഇരിണാവിലെ പുഴയോരത്തെ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുത്തു തീരസേനയ്ക്കു സൗജന്യമായി കൈമാറിയത്. ഏഴിമല നാവിക അക്കാദമിയുടെയും അഴീക്കല്‍ തുറമുഖത്തിന്റെയും സാമീപ്യം പരിഗണിച്ചാണ് ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാ ന്‍ തീരുമാനിച്ചത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ പദ്ധതിക്കു പാരിസ്ഥിതിക അനുമതി ലഭിക്കുമെന്ന പ്രതീക്ഷ കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കുമില്ല.
Next Story

RELATED STORIES

Share it