kannur local

ഇരിട്ടി ടൗണ്‍ റോഡ് വികസനം: മുഴുവന്‍ കൈയേറ്റവും അടിയന്തരമായി ഒഴിപ്പിക്കാന്‍ നിര്‍ദേശം

ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇരിട്ടി ടൗണ്‍ വികസിപ്പിക്കുന്നതിനായി റവന്യു ഭൂമിയിലെ മുഴുവന്‍ കൈയേറ്റവും അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വ്യാപാരികളുടെയും സര്‍വകക്ഷി പ്രതിനിധികളുടെയും യോഗം മൂന്നുതവണ വിളിച്ചുചേര്‍ക്കുകയും കെട്ടിടം പൊളിച്ചുനിക്കാന്‍ തീരുമാനമായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ഇഴഞ്ഞുനീങ്ങുകയാണ്.
റോഡ് വികസനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സിപിഎം പ്രതിനിധി കെ ശ്രീധരനാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് ശരിയല്ലെന്നും സര്‍വ കക്ഷിയോഗത്തില്‍ എടുത്ത തീരുമാനള്‍ക്ക് വിരുദ്ധമായി ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന നീക്കം ശരിയല്ലെന്നും ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍ പറഞ്ഞു.
കൈയേറിയ ഭാഗങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടിയില്‍ അലംഭാവമില്ലെന്നും ചില കെട്ടിട ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് 21 ദിവസത്തേക്ക് സ്‌റ്റേ സമ്പാദിച്ചതായും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുശേഷം നടപടി തുടരുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. അയ്യംകുന്ന് പഞ്ചായത്തിലെ നിര്‍ത്തിവച്ച റീസര്‍വേ പുനരാരംഭിക്കണമെന്ന് പായം ബാബുരാജ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ റീസര്‍വേ അരംഭിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി താല്‍ക്കാലികമായാണ് അയ്യംകുന്നിലെ റീസര്‍വേ നിര്‍ത്തിവച്ചതെന്നും തഹസില്‍ദാര്‍ പറഞ്ഞു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വാടക വീടുകളില്‍ താമസിക്കുന്നവരുടെ വാടക പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപറമ്പില്‍ ആവശ്യപ്പെട്ടു. ഇരിട്ടി മേഖലയില്‍ വീടുകളിലെത്തിക്കുന്ന ഗ്യാസ് സിലിണ്ടറിനു അമിതവില ഈടാക്കുന്നത് തടയാന്‍ നടപടി വേണമെന്നും പടിയൂര്‍ ദാമോദരന്‍ ആവശ്യപ്പെട്ടു.
ലഹരി വ്യാപനം തടയാന്‍ ശക്തമായ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ സണ്ണിജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി സുഭാഷ്(തില്ലങ്കേരി), ഇന്ദിരാ ശ്രീധരന്‍(കൊട്ടിയൂര്‍), സംലിന്‍ മാണി(കണിച്ചാര്‍) എന്നിവരും വിവിധ രാഷ്ട്രീയ പ്രതിനിധികളും വകുപ്പ് ഉദ്യേഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it