kannur local

ഇരിട്ടിയില്‍ കഞ്ചാവ് വേട്ട: 6 കിലോയുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ആറുകിലോ കഞ്ചാവ് പിടികൂടി.
കണ്ണൂര്‍ പുതിയതെരു സ്വദേശി പി കെ ഹിലാലി(32)ന്റെ ബാഗില്‍നിന്നാണ് കഞ്ചാവ് പൊതി പിടിച്ചെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ നാലോടെയാണു സംഭവം. ഇരിട്ടി എക്‌സൈസ് റേഞ്ച്, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, കിളിയന്തറ എക്‌സൈസ് ചെക്‌പോസ്റ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. ബംഗളൂരുവില്‍നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവ് കണ്ടെടുത്തത്. ബസ്സിന്റെ മുന്നിലെ സീറ്റിലിരുന്ന ഹിലാലിന്റെ കാല്‍ചുവട്ടിന് താഴെയുണ്ടായിരുന്ന ബാഗിലായിരുന്നു കഞ്ചാവ്. എക്‌സൈസ് സംഘം ബാഗ് ആരുടേതാണെന്ന് തിരക്കിയപ്പോള്‍ എന്റേതാണെന്ന് ഹിലാല്‍ മറുപടി നല്‍കി. തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരുന്നതാണെന്ന് ബോധ്യപ്പെട്ടത്. ഹിലാല്‍ കഞ്ചാവ് കടത്തുന്ന ഏജന്റാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലും  കര്‍ണ്ണാടകയില്‍നിന്ന് കടത്തിയ ഒന്നര കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സിനു കോയിലോത്ത്, വി വി പ്രഭാകരന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ അശോകന്‍, വിനോദന്‍, നിസാര്‍, സജേഷ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it