kannur local

ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 13ന്

ഇരിക്കൂര്‍: ഒരു മാസത്തിലേറെയായി പ്രസിഡന്റില്ലാത്ത ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തേക്കള്ള തിരഞ്ഞെടുപ്പ് 13നു രാവിലെ 11നു നടക്കും. യുഡിഎഫ് ബന്ധമില്ലാതെ 2015ല്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ 13 വാര്‍ഡില്‍ മുസ്്‌ലിം ലീഗിന് തനിച്ച് 8 സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നു. യുഡിഎഫിലെ കോണ്‍ഗ്രസും ഒറ്റയ്ക്കായിരുന്നു മല്‍സരിച്ചിരുന്നത്. 13 വാര്‍ഡുകളിലും മല്‍സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റും എല്‍ഡിഎഫിലെ സിപിഎമ്മിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കെ ആര്‍ അബ്ദുല്‍ ഖാദറിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ തദ്സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മാത്രമേ ഇരിക്കൂറില്‍ യുഡിഎഫ് ബന്ധമുള്ളൂവെന്നുമുള്ള പഞ്ചായത്ത് മുസ്്‌ലിംലീഗ് തീരുമാനം ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു. എടയന്നൂര്‍ ടൗണില്‍ നടന്ന കോണ്‍ഗ്രസ് പൊതുസമ്മേളനത്തില്‍ കെ ആര്‍ അബ്ദുല്‍ ഖാദര്‍ ഇരിക്കൂറിലെ ലീഗ് പ്രവര്‍ത്തകരെക്കുറിച്ചും സംസ്ഥാന നേതാക്കളെക്കുറിച്ചും മോശമായ നിലയില്‍ സംസാരിച്ചതാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതൃത്വം അബ്ദുല്‍ ഖാദറിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി. എന്നാല്‍ ഒന്നാം വാര്‍ഡില്‍ നിന്നു ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണം മുസ്്‌ലിംലീഗിന് ഒറ്റക്ക് ലഭിച്ചെങ്കിലും പിന്നീട് നടന്ന പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ പ്രസിഡന്റ് പദവിക്ക് രണ്ടുപേര്‍ അവകാശവാദവുമായെത്തിയതോടെ അനിശ്ചിതത്വത്തിലായി. പഞ്ചായത്ത് ലീഗ് കമ്മിറ്റി തീരുമാനത്തിനായി ജില്ലാ കമ്മിറ്റിക്ക് വിട്ടു. പ്രസിഡന്റ് പദവിക്കായി കെ ടി നസീറും കെ ടി അനസുമാണ് രംഗത്തെത്തിയത്. ജില്ലാ ലീഗ് കമ്മിറ്റിയിലും അഭിപ്രായ ഐക്യം ഇല്ലാതായതോടെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട്ടു. തുടര്‍ന്ന് ഇരുവിഭാഗത്തോടും പാണക്കാട്ടേക്കെത്താന്‍ നിര്‍ദേശിച്ച് പദവി ഓരോരുത്തര്‍ക്കും രണ്ടര വര്‍ഷം വീതം വീതിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യപാദത്തില്‍ ആര് എന്നതു സംബന്ധിച്ച് നറുക്കെടുപ്പിലൂടെയാണ്കെ ടി നസീര്‍ പ്രസിഡന്റായത്. അനസ് വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായി. പാര്‍ട്ടി ധാരണ പ്രകാരം നസിര്‍ ആഗസ്ത് ഒന്നിന് ഔദ്യോഗികമായി രാജക്കത്ത് സെക്രട്ടറിക്ക് നല്‍കിയതോടെയാണ് ഒഴിവ് വന്നത്. തിരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസറായി പൊതുമരാമത്ത് വകുപ്പ് ജൂനിയര്‍ എമന്‍ജിനീയര്‍ സുബ്രഹ്്മണ്യത്തെ നിയമിച്ചിട്ടുണ്ട്. 13ന് രാവിലെ 11നു പഞ്ചായത്ത് കോണ്‍ഫറസ് ഹാളിലാണ് തിരഞ്ഞെടുപ്പ്. ഇതുസംബന്ധിച്ച് റിട്ടേണിങ് ഓഫിസര്‍ എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴാം വാര്‍ഡില്‍ നിന്നു ജയിച്ചു കെ ടി അനസ് തന്നെ ലീഗ് പ്രതിനിധിയായി പുതിയ പഞ്ചായത്ത് പ്രസിഡന്റാവും.
Next Story

RELATED STORIES

Share it