Kollam Local

ഇരവിപുരം റെയില്‍വേ മേല്‍പ്പാലം; സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങും: എം നൗഷാദ് എംഎല്‍എ

കൊല്ലം: ഇരവിപുരം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് എം നൗഷാദ് എംഎല്‍എ പ്രസ്താവനയില്‍ അറിയിച്ചു. പരമാവധി ഉദാരമായ സമീപനമായിരിക്കും ഇക്കാര്യത്തില്‍ സ്വീകരിക്കുക.
ഏറെ ആകര്‍ഷകമായ ഒരു പാക്കേജിനാണ് രൂപം നല്‍കുന്നത്. ബലം പ്രയോഗിച്ചു ഭൂമി ഏറ്റെടുക്കാനല്ല ഉദ്ദേശിക്കുന്നത്. പരമാവധി ഉയര്‍ന്ന ഭൂമിവിലയും ന്യായമായ നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നല്‍കി ഉഭയസമ്മതത്തോടെ മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളു.
തങ്ങളുടെ ഭൂമിക്ക് അര്‍ഹമായ വിലയും നഷ്ടപരിഹാരവും വില പേശി ഉറപ്പാക്കാനുള്ള അവകാശം ഭൂവുടമകള്‍ക്കു ഉറപ്പാക്കിക്കൊണ്ടായിരിക്കും സ്ഥലമേറ്റെടുക്കുകയെന്ന് സര്‍ക്കാരില്‍ നിന്നും ഉറപ്പു വാങ്ങിയിട്ടുണ്ടെന്നും അതിനാല്‍ ബന്ധപ്പെട്ട ആരും ആശങ്കയപ്പെടേണ്ടതില്ലെന്നും നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.
71 ഭൂവുടമകളില്‍ നിന്നായി മൊത്തം ഒരേക്കര്‍ മുപ്പത് സെന്റ് സ്ഥലമാണ് പാലം നിര്‍മാണത്തിന് ആവശ്യമായിവരുന്നത്.  നിര്‍ദ്ദിഷ്ട ഭൂമിയിലെ കെട്ടിടങ്ങളില്‍ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന 64 വ്യാപാരികളുണ്ട്.
ഒരു സെന്റിന് 6,02,982/(ആറ് ലക്ഷത്തി രണ്ടായിരത്തിത്തൊള്ളായിരത്തി എണ്‍പത്തിരണ്ട് രൂപ മാത്രം) രൂപയാണ് അടിസ്ഥാന വിലയായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ പര്‍ച്ചെയ്‌സ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്.
ഇത് കൂടാതെ കെട്ടിടങ്ങള്‍ക്കു പൊതുമരാമത്തു നിരക്കില്‍ ഇപ്പോഴത്തെ നിര്‍മാണച്ചിലവ് കണക്കാക്കി വില നല്‍കും. മരങ്ങള്‍ക്കും മറ്റു സ്ഥാവരവസ്തുക്കള്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കും. മതിയായ രേഖകളുള്ള വാടകക്കാര്‍ക്കു രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും.
സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യാന്‍ അമ്പതിനായിരം രൂപ നല്‍കും.
ഇതിനു പുറമെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസം ആറായിരം രൂപ നിരക്കില്‍ ആറുമാസത്തേക്ക് ജീവനാംശം നല്‍കും. തിങ്കളാഴ്ച കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭൂവുടമകളുടെയും വാടകക്കാരുടെയും യോഗം വളരെ സൗഹാര്‍ദ്ദപരമായിരുന്നു.നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവിലയെ സംബന്ധിച്ചും പാക്കേജിലെ മറ്റു നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുമുള്ള യുക്തിസഹമായ ആക്ഷേപങ്ങള്‍ ഭൂവുടമകള്‍ക്കും വാടകക്കാര്‍ക്കും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമേറ്റടുക്കല്‍ തഹസില്‍ദാര്‍ മുമ്പാകെ എഴുതി സമര്‍പ്പിക്കാം. അടിസ്ഥാനവിലയില്‍ എത്രകണ്ട് വര്‍ദ്ധനവ് വേണമെന്നും കാരണം സഹിതം ബോധിപ്പിക്കണം.
എഴുതിക്കിട്ടുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ജില്ലാതല പാര്‍ച്ചയ്‌സ് കമ്മിറ്റി പരിശോധിച്ചു ആവശ്യമായ ശുപാര്‍ശകളോടെ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരായിരിക്കും ഇത് സംബന്ധിച്ചു അന്തിമ തീരുമാനം കൈക്കൊള്ളുക.
ഭൂവുടമകള്‍ക്ക് പരമാവധി വില വാങ്ങി നല്‍കാനും പാക്കേജ് കൂടുതല്‍ ആകര്‍ഷകമാക്കാനും  താന്‍ എല്ലാ പരിശ്രമങ്ങളും നടത്തും.നഗരത്തിന്റെ ചിരകാലാഭിലാഷമായ ഇരവിപുരം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് അനുകൂലമായ നിലപാടാണ് പ്രദേശത്തെ ജനങ്ങള്‍ പൊതുവെ സ്വീകരിച്ചിട്ടുള്ളത്.
ഇത് അങ്ങേയറ്റം പ്രശംസനീയമാണ്. സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ നിര്‍വഹണ ഏജന്‍സി.
2017 ലെ ബജറ്റിലാണ് ഇരവിപുരം മേല്‍പ്പാലം നിര്‍മാണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുക അനുവദിച്ചത്. പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞു.
ഇതിനുപുറമെ 2017 ലെ ബജറ്റില്‍ അനുവാദം ലഭിച്ച  മയ്യനാട് റെയില്‍വേ മേല്‍പ്പാലത്തിനും അയത്തില്‍, കല്ലുംതാഴം ഫ്‌ലൈ ഓവറുകള്‍ക്കും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ഈ പദ്ധതികളുടെ വിശദമായ രൂപരേഖയും അടങ്കലും തയ്യാറാക്കുന്ന ജോലികള്‍ നടന്നു വരികയാണ്.
ഈ പദ്ധതികളുടെയും നിര്‍വ്വഹണ ഏജന്‍സി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വളരെ വേഗം സൗഹാര്‍ദ്ദപരമായി പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  കഴിവതും വേഗം തുടങ്ങാനാണ് ശ്രമിക്കുന്നതെന്നും നൗഷാദ് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it