ഇന്ന് ദേശീയ മെഡിക്കല്‍ ബന്ദ്

തിരുവനന്തപുരം: നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) ബില്ലിനെതിരേ ഇന്ന് ദേശീയ മെഡിക്കല്‍ ബന്ദ് നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണു ബന്ദ്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിതവിഭാഗം, കിടത്തിച്ചികില്‍സാ വിഭാഗം എന്നിവയെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബന്ദില്‍ ഐഎംഎയും കെജിഎംഒഎയും പങ്കാളികളാവും. ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാര്‍ രാവിലെ 9  മുതല്‍ 10 വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്‌കരിച്ചു പ്രതിഷേധയോഗങ്ങള്‍ ചേരുമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു. പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ചും നടത്തും. ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് വഴി ആധുനിക വൈദ്യശാസ്ത്ര ചികില്‍സ നടത്താമെന്ന ബില്ലിലെ വകുപ്പിനെതിരേയാണ് മെഡിക്കല്‍ ബന്ദ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പൂര്‍ണ ബഹിഷ്‌കരണം ഒഴിവാക്കുന്നുതെന്ന് കെജിഎംഒഎ അറിയിച്ചു.പുതിയ ബില്ല് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ തകിടംമറിക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ ആരോപിച്ചു. നിര്‍ദിഷ്ട എന്‍എംസിയിലെ ഭൂരിപക്ഷം അംഗങ്ങളെയും സര്‍ക്കാരിനു നോമിനേറ്റ് ചെയ്യാം. ഇതുമൂലം വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ രംഗം നിയന്ത്രിക്കുന്ന ഗതികേടുണ്ടാവുമെന്നും ഐഎംഎ വിശദീകരിച്ചു. ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഇന്നു പാര്‍ലമെന്റില്‍ വയ്ക്കുന്നത് മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബില്ലിനെതിരേ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഇന്നലെ പഠിപ്പ് മുടക്കിയിരുന്നു. ഇന്നും പഠിപ്പുമുടക്കി പ്രതിഷേധിക്കും.
Next Story

RELATED STORIES

Share it