Cricket

ഇന്നറിയാം മല്‍സരത്തിന്റെ വിധി; കൊച്ചിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

ഇന്നറിയാം മല്‍സരത്തിന്റെ വിധി; കൊച്ചിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച
X

കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നേക്കും. കൊച്ചി കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ പ്രതലത്തിന് വെല്ലുവിളിയാകുന്ന രീതിയിലുള്ള തീരുമാനങ്ങള്‍  സ്വീകരിക്കില്ലെന്ന് കായിക മന്ത്രി എസി മൊയ്തീന്‍ വ്യക്തമാക്കിയതോടെയാണ് കളി കൊച്ചിയില്‍ നിന്ന് മാറുവാന്‍ സാധ്യതയേറിയത്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെ കോടികള്‍ മുടക്കി നിര്‍മിച്ച ഫുട്‌ബോള്‍ പ്രതലത്തിന് കേടുപാടുകള്‍ വരുത്തുന്ന നിര്‍മാണങ്ങള്‍ അനുവദിക്കില്ലെന്ന നിലപാടുമായി ജിസിഡിഎയും രംഗത്തെത്തി. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടക്കണമെന്നാണ് ജിസിഡിഎയുടെ നിലപാട് എന്നാല്‍ ഫുട്‌ബോളിനായി നിര്‍മിച്ച പ്രതലം നഷ്ടപെടുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ വ്യക്തമാക്കി. ഇതോടെ നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡിസ് ക്രിക്കറ്റ് മല്‍സരം കൊച്ചിയില്‍ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. അതിനിടെ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍(ഐഎസ്എല്‍) അധികൃതരുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ന് ചര്‍ച്ച നടത്തും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മല്‍സരങ്ങള്‍ നീട്ടിവയ്ക്കണമെന്ന കെസിഎയുടെ ആവശ്യം ഐഎസ്എല്‍ അധികൃതര്‍ അംഗീകരിച്ചാല്‍ ഒരുപക്ഷെ കളി കൊച്ചിയില്‍ നടക്കുവാനും സാധ്യതയുണ്ട്. എന്നാല്‍ ക്രിക്കറ്റ് നടത്തുന്നതിനെ അനുകൂലിച്ച കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിലപാട് ശ്രദ്ധേയമായി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്നും നിലവിലെ ഫുട്‌ബോള്‍ പ്രതലത്തിന് കേടുപാട് വരുത്താത്ത രീതിയില്‍ ക്രിക്കറ്റ് നടത്തുവാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണമെന്നും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെഎംഐ മേത്തര്‍ പറഞ്ഞു.  ഫിഫയുടെ മാനദണ്ഡം പാലിക്കപ്പെടുന്ന ഇന്ത്യയിലെ ആറ് സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കൊച്ചിയിലേത്. ആ നിലവാരം നിലനിര്‍ത്തി ക്രിക്കറ്റ് നടത്തുവാന്‍ ശ്രമിക്കണമെന്നും കെഎംഐ മേത്തര്‍ പറഞ്ഞു.  കൊച്ചി സ്റ്റേഡിയത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കലൂര്‍ സ്റ്റേഡിയം ഫുട്‌ബോളിന് മാത്രമാണെന്ന ചിലരുടെ വാദം അംഗീകരിക്കാനാകില്ല. ക്രിക്കറ്റും ഫുട്‌ബോളും ഒരേ പ്രാധാന്യത്തോടെ ഇതിന് മുമ്പും കൊച്ചിയില്‍ നടത്തിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഇപ്പോള്‍ എങ്ങനെയുണ്ടാകുന്നുവെന്നും ജയേഷ് ജോര്‍ജ് ചോദിക്കുന്നു. ഇന്ന് ഐഎസ്എല്‍ ഭാരവാഹികളുമായി ജിസിഡിഎയുടെ മധ്യസ്ഥതയില്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായാല്‍ നവംബര്‍ ഒന്നിന് കൊച്ചിയില്‍ തന്നെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മല്‍സരം നടക്കുമെന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലേക്ക് കളി മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണനയിലില്ലെന്നും ജയേഷ് ജോര്‍ജ് കൂട്ടിചേര്‍ത്തു. അതേസമയം ഫിഫയുടെ മേല്‍നോട്ടത്തില്‍ മികച്ച നിലവാരത്തില്‍ പണിതീര്‍ത്തിരിക്കുന്ന ഫുട്‌ബോളിനായുള്ള പ്രതലം ക്രിക്കറ്റിനായി വെട്ടിപൊളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐഎം വിജയന്‍ പറഞ്ഞു. ഫുട്‌ബോളിനെ കൊല്ലുന്നതിന് തുല്ല്യമാണ് സ്റ്റേഡിയം വെട്ടിപ്പൊളിക്കുന്നതെന്നും ഐഎം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it