ഇന്ധന വില 79 കടന്നു; ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പം വര്‍ധിച്ചു

എന്‍ എ ശിഹാബ്
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. ഇന്നലെ 16 പൈസ വര്‍ധിച്ച് പെട്രോള്‍ വില 79 കടന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനും ഇന്ധവില വര്‍ധന കാരണമായി. തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ 79 രൂപ ഒരു പൈസയാണ് പെട്രോള്‍ വില. ഡീസല്‍ വില 19 പൈസ കൂടി 72 രൂപ 5 പൈസയിലെത്തി.
കര്‍ണാടക വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞദിവസം ഇന്ധന വിലവര്‍ധന പുനരാരംഭിച്ചിരുന്നു. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 72 പൈസയും ഡീസലിന് 70 രൂപ 84 പൈസയുമാണ് ഇന്നലത്തെ വില. കോഴിക്കോട് 77 രൂപ 98 പൈസയും ഡീസലിന് 71 രൂപ 10 പൈസയുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാവുന്ന വര്‍ധനയാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് രണ്ടുവര്‍ഷത്തെ ഉയരമായ 75 ഡോളറിലാണ് ഇപ്പോഴുള്ളത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഏപ്രില്‍ 26 മുതല്‍ പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നില്ല. ഇതിന്റെ നഷ്ടം നികത്തുന്നതിനുള്ള വില വര്‍ധന വരും ദിവസങ്ങളിലായി ഉണ്ടാവുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ഭക്ഷ്യ, ഇന്ധനവില വര്‍ധനയാണ് ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞമാസം 4.58 ശതമാനമാണ് ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. മാര്‍ച്ചില്‍ ഇത് 4.28 ശതമാനമായിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 3.18 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യ, ഇന്ധന മേഖലയിലെ വിലക്കയറ്റമാണ് ഇതിനു കാരണം. മല്‍സ്യം, മാംസം, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം കൂടാന്‍ കാരണം. നാലു മാസത്തിനിടെ ഇത് ആദ്യമായാണ് ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 2.99 ശതമാനം ആയിരുന്നു പണപ്പെരുപ്പ നിരക്ക്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് ഓഫിസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം മാംസം, മല്‍സ്യം തുടങ്ങിയവയുടെ വില ഏപ്രിലില്‍ 3.59 ശതമാനം വര്‍ധിച്ചു. മാര്‍ച്ചിലെ വര്‍ധന 3.17 ശതമാനം ആയിരുന്നു. പഴങ്ങളുടെ പോയ മാസത്തെ വില വര്‍ധന 5.78 ശതമാനമായിരുന്നത് ഏപ്രിലില്‍ 9.65 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പച്ചക്കറി വില 7.29 ശതമാനമായി താഴ്ന്നു. മാര്‍ച്ചില്‍ ഇത് 11.7 ശതമാനം ആയിരുന്നു.
Next Story

RELATED STORIES

Share it