ഇന്ധനവില വര്‍ധനചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില അനുദിനം കുതിച്ചുയരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനയെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിച്ചു ചോദിച്ചിട്ടും മന്ത്രി കേട്ട ഭാവം പോലും നടിച്ചില്ല. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് വിവരങ്ങള്‍ വിശദീകരിച്ച് പത്രസമ്മേളനം നടത്തുകയായിരുന്ന ജാവ്‌ദേകര്‍ ഇന്ധന വിലക്കയറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ, യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാണ്യപ്പെരുപ്പം 10 ശതമാനം ആയിരുന്നത് ഇപ്പോള്‍ അഞ്ചു ശതമാനമായി കുറഞ്ഞില്ലേ എന്ന് മറുപടി പറഞ്ഞ് തടിയൂരി. തുടര്‍ന്ന് മോദിയെ പ്രക്രീര്‍ത്തിച്ച് വാര്‍ത്താസമ്മേളനം തുടര്‍ന്നു. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ വലിയ പ്രതിമ നിര്‍മിച്ചതാണ് ഭരണനേട്ടമായി മന്ത്രി ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ വിവിധ നയങ്ങളുടെ ഫലമായി ഇന്ത്യ വളരെ വേഗത്തില്‍ വികസനം നടക്കുന്ന സാമ്പത്തികശക്തിയായി മാറിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. കഴിഞ്ഞ കുറച്ചു കാലങ്ങമായി വ്യവസായരംഗത്തു നിന്ന് ആരും തന്നെ പരാതികള്‍ ഉയര്‍ത്തുന്നില്ലെന്നവകാശപ്പെട്ട മന്ത്രി, ഇത് ജിഎസ്ടി നടപ്പാക്കിയതിന്റെ ഫലമാണെന്നും കൂട്ടിച്ചേര്‍ത്തു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി ജാവ്‌ദേകര്‍ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയമാണ് ഇന്നലെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവില്‍ പാസാക്കിയത്. പ്രധാനമന്ത്രിക്കെതിരേ നില്‍ക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ഏക പ്രവൃത്തിയെന്നും പ്രമേയം ആരോപിക്കുന്നു. 2022ഓടെ ഇന്ത്യ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ജാതിവ്യവസ്ഥകളില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും മോചനം നേടുമെന്ന വാഗ്ദാനങ്ങളും മന്ത്രി ഇന്നലെ ആവര്‍ത്തിച്ചു.





Next Story

RELATED STORIES

Share it