Flash News

ഇന്ത്യ-ഫലസ്തീന്‍ : അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു

ഇന്ത്യ-ഫലസ്തീന്‍ : അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു
X


ന്യൂഡല്‍ഹി: ഇന്ത്യയും ഫലസ്തീനും അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു കരാറുകളില്‍ ഒപ്പുവച്ചത്. നയതന്ത്ര പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസാ ഇളവുകള്‍, കാര്‍ഷിക സഹകരണം, ഐടി-ഇലക്ട്രോണിക്‌സ്, ആരോഗ്യമേഖല, യുവജനകാര്യ മേഖല, കായിക മേഖല എന്നിവ സംബന്ധിച്ച അഞ്ച് കരാറുകളിലാണ് ഒപ്പുവച്ചത്. രണ്ടു രാജ്യങ്ങളിലെയും പ്രാദേശിക അന്താരാഷ്ട്ര പ്രശ്‌നങ്ങളും പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയും ചര്‍ച്ച ചെയ്ത നേതാക്കള്‍, ഫലസ്തീന്‍-ഇന്ത്യ സഹകരണം ദൃഢമാക്കുന്നതിനെ പറ്റിയും സംസാരിച്ചു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്ത മോദി, ഇസ്രായേലുമായി സമാധാനപരമായി സഹവര്‍ത്തിക്കുന്ന പരമാധികാര, സ്വതന്ത്ര, ഐക്യരാഷ്ട്രമായി ഫലസ്തീന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ജൂലൈ മാസം ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുന്ന പ്രധാനമന്ത്രി മോദി ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി ഇസ്രായേലുമായി ചര്‍ച്ച നടത്തുമെന്നും മഹ്മൂദ് അബ്ബാസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി. അതേസമയം, അന്താരാഷ്ട്ര രംഗത്ത് വലിയ സ്വാധീനമുള്ള ഇന്ത്യ ഫലസ്തീന്റെ സുഹൃത്താണെന്നും ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യക്ക് മികച്ച രീതിയില്‍ ഇടപെടാന്‍ സാധിക്കുമെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള തീവ്രവാദങ്ങളെയും അപലപിച്ച ഫലസ്തീന്‍ പ്രസിഡന്റ്, അമേരിക്കയും റഷ്യയുമായി ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ചര്‍ച്ച നടത്തിയതായും പറഞ്ഞു.ഫലസ്തീനിലെ റാമല്ലയില്‍ ഇന്ത്യയും ഫലസ്തീനും സംയുക്തമായി നിര്‍മിച്ച ടെക്‌നോപാര്‍ക് ഫലസ്തീനിലെ വിവര സാങ്കേതിക വിദ്യാ സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണെന്ന് പറഞ്ഞു. ഫലസ്തീന്‍ ഇന്ത്യ സാംസ്‌കാരിക വിനിമയം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലുദിവസം നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ചയാണ് മഹ്മൂദ് അബ്ബാസ് ഇന്ത്യയിലെത്തിയത്.
Next Story

RELATED STORIES

Share it