ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 5,000 സീറ്റ് വര്‍ധിപ്പിച്ചു

നിഷാദ് അമീന്‍
ജിദ്ദ: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ ക്വാട്ടയില്‍ സൗദി അറേബ്യ 5,000 സീറ്റിന്റെ വര്‍ധന വരുത്തി. ഇതുപ്രകാരം ഈ വര്‍ഷം മുതല്‍ 1,75,025 പേര്‍ക്ക് ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാനാവുമെന്ന് ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. 1,70,025 ആയിരുന്നു നിലവിലെ ക്വാട്ട. ഇന്ത്യയും സൗദിയും ഹജ്ജ് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് സൗദി അറേബ്യ ക്വാട്ട വര്‍ധിപ്പിച്ചത്.
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 14ന് യാത്ര തിരിക്കും. സപ്തംബര്‍ 25നാണ് അവസാന വിമാന സര്‍വീസ്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ വരുന്ന ഹാജിമാരില്‍ 40 ശതമാനത്തോളം പേര്‍ക്ക് ഹറമില്‍ നിന്ന് 1500 മീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന ഗ്രീന്‍ കാറ്റഗറിയില്‍ താമസ സൗകര്യം ലഭിക്കും. ശേഷിക്കുന്നവര്‍ക്ക് അസീസിയ കാറ്റഗറിയിലാണ് താമസ സൗകര്യം. സുപ്രിംകോടതിയുടെ നിര്‍ദേശാനുസരണമുള്ള ദീര്‍ഘകാല താമസകരാര്‍ പ്രായോഗികമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. അഹ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപാല്‍, കൊച്ചി, ചെന്നൈ, ഡല്‍ഹി, ഗയ, ഗോവ, ശ്രീനഗര്‍, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, മംഗലാപുരം, നാഗ്പൂര്‍, റാഞ്ചി, വാരണാസി എന്നിവയാണിവ. സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ വിമാനങ്ങളാണ് പ്രധാനമായും ഹജ്ജ് സര്‍വീസുകള്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള മുഴുവന്‍ ഹജ്ജ് സര്‍വീസും നടത്തുന്നത് എയര്‍ ഇന്ത്യ ആയിരിക്കുമെന്നാണ് വിവരം.
വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഹാജിമാര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കുന്നതിന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
ഹറം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2013ല്‍ വിദേശരാജ്യങ്ങളുടെ ഹജ്ജ് ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തിയിരുന്നതിനാല്‍ ഇന്ത്യയുടെ സീറ്റ് 1,36,020 ആയി ചുരുക്കിയിരുന്നു. 2017ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ 1,70,025 ആയി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. 5,000 സീറ്റ് കൂടി വര്‍ധിപ്പിച്ചതോടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് ഇത്രയധികം സീറ്റുകള്‍ ലഭിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍ നിന്ന് 3.55 ലക്ഷം പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it