Flash News

ഇന്ത്യയില്‍ ആദ്യത്തെ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

പൂനെ: ഇന്ത്യയിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ വിജയകരമായി നടന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലു വയസ്സുകാരിയുടെ തലയോട്ടിയാണു മാറ്റിവച്ചത്. കഴിഞ്ഞ മെയ് 18നായിരുന്നു ശസ്ത്രക്രിയ.
അമേരിക്കയില്‍ നിര്‍മിച്ച ത്രിമാന ആകൃതിയിലുള്ള പോളിഎഥിലിന്‍ അസ്ഥി ഉപയോഗിച്ചാണ് തലയോട്ടിയുടെ 60 ശതമാനവും മാറ്റിവച്ചത്. പൂനെയിലെ ഭാരതി ആശുപത്രിയിലെ ഡോ. വിശാല്‍ റോഖഡേയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 31ന് മഹാരാഷ്ട്രയിലെ ഷിര്‍വാലില്‍ ഉണ്ടായ കാറപകടത്തിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. രണ്ട് പ്രധാന ശസ്ത്രക്രിയകള്‍ ഉടനടി നടത്തി. എന്നാല്‍, തലയ്ക്കു പിന്നിലെ പൊട്ടലിനെ തുടര്‍ന്ന് തലയോട്ടിയുടെ അസ്ഥി വീണ്ടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. പൊട്ടല്‍ വീണ ഭാഗത്തു കൂടി തലച്ചോറില്‍ നിന്നുള്ള ദ്രാവകം ഉള്ളില്‍ തന്നെ പടരുന്ന അവസ്ഥയും ഉണ്ടായി. ഇതിനു പരിഹാരമായി തലയോട്ടി മാറ്റിവയ്ക്കലായിരുന്നു ഏക പോംവഴി. എന്നാല്‍, കുട്ടിയുടെ പ്രായം ഇതിനു തടസ്സമായി. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുവയസ്സുകാരിയില്‍ വിജയകരമായി തലയോട്ടി മാറ്റിവയ്ക്കല്‍ നടത്തിയത്.
ശസ്ത്രക്രിയക്കു ശേഷം രണ്ടുമാസത്തിനു ശേഷം കുഞ്ഞ് ആശുപത്രി വിട്ട് വീട്ടിലേക്കു മടങ്ങിയതായും സാധാരണ ജീവിതത്തിലേക്ക് എത്തിയതായും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ വിശാല്‍ റോഖാഡേ അറിയിച്ചു. കുട്ടി ഇപ്പോള്‍ സ്‌കൂളില്‍ പോവുന്നതായും കൂട്ടുകാരുടെ കൂടെ കളികളിലേര്‍പ്പെടുന്നുണ്ടെന്നും മാതാവും പറഞ്ഞു. പൂനെയിലെ കൊത്രുഡുവിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്.

Next Story

RELATED STORIES

Share it