ഇന്ത്യയിലേക്ക് വരില്ല: റിപോര്‍ട്ടുകള്‍ തള്ളി സാക്കിര്‍ നായിക്ക്‌

ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലേക്ക് വരുന്നെന്ന റിപോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമെന്ന് മതപ്രബോധകന്‍ സാക്കിര്‍ നായിക്. നായികിനെ ഇന്ത്യയിലേക്കു നാടുകടത്തുമെന്ന് മലേസ്യന്‍ പോലിസ് അറിയിച്ചതായുള്ള റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നതിനു പിന്നാലെയാണ് നായിക്കിന്റെ വിശദീകരണം. നീതിരഹിതമായ നിയമനടപടിയില്‍ നിന്ന് സുരക്ഷ ലഭിക്കുമെന്ന് ഉറപ്പു ലഭിക്കാത്തിടത്തോളം ഇന്ത്യയിലേക്ക് മടങ്ങില്ലെന്നാണ് നായിക്കിന്റെ നിലപാട്. സര്‍ക്കാര്‍ നീതിപൂര്‍വം പെരുമാറുമെന്ന് ഉറപ്പായാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നും നായിക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇദ്ദേഹത്തെ തിരിച്ചയക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം നായിക്ക് ചൊവ്വാഴ്ച ഇന്ത്യയിലേക്കു തിരിക്കുമെന്ന് മലേസ്യന്‍ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എന്‍ഡിടിവിയുടെ റിപോര്‍ട്ടുകളുണ്ട്. 2016ലാണ് നായിക് ഇന്ത്യവിട്ടത്. അതിനുശേഷം മലേസ്യയിലെ പുത്രജയയിലാണ് താമസിക്കുന്നത്. രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി നായിക്കിന് മലേസ്യന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
നായിക് മലേസ്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ഇയാളെ വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേസ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നായിക്കിനെ പിടികൂടുന്നതിന് “റെഡ് കോര്‍ണര്‍ നോട്ടീസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. ഇന്‍ര്‍പോള്‍ നോട്ടീസ് ഇല്ലാതെ സാക്കിറിനെ വിട്ടുനല്‍കില്ലെന്ന് മലേസ്യയും അറിയിച്ചു. എന്നാല്‍ മലേസ്യയില്‍ പുതുതായി ചുമതലയേറ്റ സര്‍ക്കാറിന് സാക്കിര്‍ നായികിന്റെ കാര്യത്തില്‍ അനുകൂല നിലപാടല്ലെന്നാണ് റിപോര്‍ട്ടുകള്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നായിക്കിനെതിരേ പ്രാദേശിക നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it