Articles

ഇന്ത്യയിലെ നാത്‌സി സ്‌നേഹികള്‍

ശ്രേനിക് റാവു

2008 ജൂലൈ. ഇന്ത്യയുടെ തെക്കേയറ്റത്തു നിന്ന് ഏറ്റവും വടക്കുള്ള സംസ്ഥാനത്തേക്ക് സാഹസിക സൈക്കിള്‍ യാത്രയിലായിരുന്നു ഞാന്‍. യാത്രയ്ക്കിടയില്‍, ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ മധ്യഭാഗവും ഹിന്ദു ദേശീയവാദത്തിന്റെ കേന്ദ്രബിന്ദുവുമായ നാഗ്പൂരില്‍ അല്‍പനേരം തങ്ങി.
വളരെ വിചിത്രമായ പേരുള്ള ഒരു കെട്ടിടം അവിടെ കണ്ടു. ഹിറ്റ്‌ലേഴ്‌സ് ഡെന്‍ (ഹിറ്റ്‌ലറുടെ സങ്കേതം) എന്ന ചൂതാട്ടകേന്ദ്രം. അതിന്റെ ചുവരുകളില്‍ നാത്‌സി അധികാരചിഹ്നങ്ങള്‍ പതിച്ച് അലങ്കരിച്ചിരിക്കുന്നു; കടയ്ക്കു മുമ്പില്‍ പരസ്യമായി സ്വസ്തികയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
സ്വസ്തിക ഇന്ത്യയില്‍ അത്ര അപൂര്‍വമായ ചിഹ്നമല്ല. എല്ലായിടത്തും അതു കാണാം. ചന്തകള്‍, കടകള്‍, വീടുകള്‍, അമ്പലങ്ങള്‍, വാഹനങ്ങള്‍, നോട്ടുപുസ്തകങ്ങള്‍, സ്വത്തുരേഖകള്‍ തുടങ്ങി മൊട്ടയടിച്ച തലയില്‍ വരെ ചന്ദനമോ മഞ്ഞളോ പൂശിയ സ്വസ്തിക കാണാം. മിക്കവാറും അതിനൊപ്പം ശുഭ ലാഭ് (സൗഭാഗ്യം എന്ന് അര്‍ഥം) എഴുതിയിരിക്കും. എന്നാല്‍, ഞാന്‍ കണ്ടത് കൃത്യമായും നാത്‌സി സ്വസ്തിക തന്നെയായിരുന്നു. കറുത്ത പശ്ചാത്തലത്തില്‍ ഹിന്ദു സ്വസ്തികയുടെ ഇത്തിരി ചരിഞ്ഞ രൂപം. നാത്‌സി പ്രതീകത്തിന്റെ നിര്‍ലജ്ജമായ ഈ പ്രദര്‍ശനം അസാധാരണമായിരുന്നു. നാഗ്പൂര്‍ നഗരമധ്യത്തില്‍ എന്താണ് ഹിറ്റ്‌ലേഴ്‌സ് ഡെന്‍ ചെയ്യുന്നതെന്നു ഞാന്‍ അദ്ഭുതം കൂറി. കേവലം വിഡ്ഢിത്തമായി അതു തള്ളിക്കളഞ്ഞ് എന്റെ സൈക്കിള്‍യാത്ര തുടര്‍ന്നു.
ആര്യവംശ ശുദ്ധവാദവും വെള്ളക്കാരന്റെ മേധാവിത്വവും വിദ്വേഷവും ഉയര്‍ത്തിപ്പിടിച്ച നാത്‌സി ആശയസംഹിത പ്രചരിപ്പിച്ച, വംശഹത്യാ ഭ്രാന്തനാണ് ഹിറ്റ്‌ലര്‍. തവിട്ടു തൊലിക്കാര്‍ക്ക് ആധിക്യമുള്ള നാടായ ഇന്ത്യയില്‍ ഹിറ്റ്‌ലര്‍ക്ക് അനുയായികളെ കണ്ടെത്തുന്നുവെന്നത് വിരോധാഭാസമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖമുദ്രയായിരുന്ന അഹിംസാ സിദ്ധാന്തങ്ങള്‍ക്കു കടകവിരുദ്ധമായി, ഹിറ്റ്‌ലറുടെ ഫാഷിസ്റ്റ് ബ്രാന്‍ഡിന് ഹിന്ദു ദേശീയവാദത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും സമ്മിശ്രണത്തിലൂടെ ആധികാരികമായി വ്യത്യസ്തമായ ഇന്ത്യന്‍ രുചി കൈവന്നിരിക്കുകയാണ്.
ഈയിടെ ഫേസ്ബുക്ക് നോക്കുന്നതിനിടെയുണ്ടായ അനുഭവം കനത്ത ഞെട്ടലുണ്ടാക്കി. യുവാവായ ഹിറ്റ്‌ലറുടെ പടവും തൊട്ടരികെ 'ഹരി ഓം, ഹെയ്ല്‍ ഹിറ്റ്‌ലര്‍' എന്ന പോസ്റ്റും കണ്ടു. അതിനു പിറകെ ആര്യന്‍ മൂല്യങ്ങളുടെ സ്‌തോത്രങ്ങളും. മുഖചിത്രം ഇങ്ങനെ: ഓം, ഹെയില്‍ ആര്യന്‍, ഹെയില്‍ ആര്യാവര്‍ത്തം അഥവാ ആര്യന്മാര്‍ നീണാള്‍ വാഴട്ടെ, ആര്യന്മാരുടെ നാട് നീണാള്‍ വാഴട്ടെ. സ്‌ക്രീനില്‍ കാണിച്ചത് അയാളുടെ ജര്‍മന്‍ നാമം. പേജില്‍ നിറയെ ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ക്കൊപ്പം നാത്‌സി അധികാരചിഹ്നങ്ങളും വിഷ്ണുവിന്റെ ഗ്രാഫിക്‌സുമായിരുന്നു. 'അഡോള്‍ഫ് ഹിറ്റ്‌ലര്‍- പരമോന്നത അവതാരം' എന്നായിരുന്നു ഒരു പടം. ഇന്ത്യയുടെ സ്വസ്തിക ദൈവം എന്നു മറ്റൊന്ന്. വിഷ്ണുവിന്റെ പുനരവതാരമാണ് ഹിറ്റ്‌ലര്‍ എന്ന, നവ നാത്‌സി വെബ്‌സൈറ്റുകളില്‍ സ്ഥിരം ആവര്‍ത്തിക്കുന്ന സിദ്ധാന്തത്തിന്റെ പ്രതിഫലനമായിരുന്നു ആ പോസ്റ്റുകള്‍.
സെമിറ്റിക് വിരോധം അതോടൊപ്പമുണ്ടായിരുന്നു: ''ജൂതസമ്പത്തിന്റെ ആശ്രിതത്വത്തില്‍ കഴിയുന്ന വെറും നിരുപദ്രവിയാണ് ജര്‍മനി ഇന്ന്. ഹോളിവുഡ് ചലച്ചിത്ര വ്യവസായവും ബഹുഭൂരിപക്ഷം യുഎസ് ടെലിവിഷന്‍ ശൃംഖലകളും വാര്‍ത്താമാധ്യമങ്ങളും പ്രസിദ്ധീകരണശാലകളും ജൂത ഉടമസ്ഥതയിലായതോടെ, ഏതാണ്ട് 70 വര്‍ഷമായി അഡോള്‍ഫ് ഹിറ്റ്‌ലറെക്കുറിച്ചു നടക്കുന്ന നിര്‍ദയമായ പിശാചുവല്‍ക്കരണം അങ്ങേയറ്റം നിഷ്ഠുരമാണ്.'' തുടര്‍ന്ന് സുഹൃത്തുക്കള്‍ കൂട്ടംകൂട്ടമായി കമന്റ് നല്‍കുന്നു: ജയ് ശ്രീറാം, ഹെയ്ല്‍ ഹിറ്റ്‌ലര്‍. ഏറ്റവും മഹാനായ നാത്‌സി, ഇന്ത്യന്‍ ദേശീയവാദത്തിന് ഹിറ്റ്‌ലര്‍ പിന്തുണയേകി... എന്നിങ്ങനെ.
യുട്യൂബില്‍ ഒരു ലക്ഷത്തിലേറെ ഹിറ്റ് ലഭിച്ച 'അഡോള്‍ഫ് ഹിറ്റ്‌ലര്‍: ഇന്നോളം പറയാത്ത മഹത്തായ കഥ' എന്ന വീഡിയോയും അവരില്‍ ഏറെ പേരും പങ്കുവച്ചിട്ടുണ്ട്; ജയ്ഹിന്ദ് (ഇന്ത്യ ജയിക്കട്ടെ) എന്ന അഭിവാദ്യവും.
സെമിറ്റിക് വിരോധത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും അതിതീവ്ര ഹിന്ദു ദേശീയവാദത്തിന്റെയും ദുര്‍ഗന്ധം വമിക്കുന്ന മിശ്രിതമാണ് ഈ പോസ്റ്റുകള്‍. ആര്യവംശ മേധാവിത്വത്തെക്കുറിച്ചു (ഇന്ത്യന്‍ ആര്യന്മാരുടെ എന്ന് പരാമര്‍ശിക്കുന്നതാവും കൂടുതല്‍ യോജ്യം) വ്യാപകമായി നിലവിലുള്ള കെട്ടുകഥയും 'ഭഗവത്ഗീതയിലും ക്ഷത്രിയ ധര്‍മസംഹിതയിലും ഉള്‍ക്കൊള്ളുന്ന ഭീകരതയുടെ പവിത്രത'യെക്കുറിച്ച നാത്‌സി പ്രചാരണവും ആവാഹിക്കുന്ന ഈ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് കലിയുഗത്തിന് അന്ത്യം കുറിക്കാനാണ് ഹിറ്റ്‌ലര്‍ ജനിച്ചതെന്ന വിശ്വാസമാണ്.
ഒരു പോസ്റ്റില്‍ വായിക്കാം: (ഇന്ത്യയുടെ) വടക്കുകിഴക്കന്‍ ഭാഗത്തേക്കു പോയാല്‍ ആദിമനിവാസികളുടെ (മംഗളോയ്ഡ്) മിശ്രവംശജരെയും ശുദ്ധ ആര്യന്‍ സന്തതിപരമ്പര നഷ്ടമായ മറ്റു നിരവധി ജനങ്ങളെയും നമുക്കു കാണാനാവും.
സാമൂഹിക മാധ്യമങ്ങള്‍ ആഴത്തില്‍ വിലയിരുത്തുമ്പോള്‍ വിസ്തൃതവും വ്യാപകവുമായ ഇന്ത്യയിലെ ഹിന്ദു നാത്‌സി സമൂഹം ലോകമെങ്ങുമുള്ള തങ്ങളുടെ നവ നാത്‌സി പ്രതിരൂപങ്ങളുമായി ഇന്റര്‍നെറ്റിലൂടെ ബന്ധം സ്ഥാപിച്ചത് വ്യക്തമാവും.
ഹിറ്റ്‌ലറോടുള്ള അന്ധമായ ആരാധന മറ്റു സാമൂഹിക മാധ്യമ സൈറ്റുകളിലും ഓണ്‍ലൈന്‍ വേദികളിലും വ്യക്തമാണ്. ഇന്ത്യയിലെ ജനപ്രിയ വെബ് പോര്‍ട്ടലായ റെഡിഫ് ഡോട്ട്‌കോമിലെ 'ഹിന്ദു ഹിറ്റ്‌ലര്‍' എന്ന ലേഖനം പറയുന്നു: 'ഹിറ്റ്‌ലര്‍ മഹാനായിരുന്നു.' ഹിറ്റ്‌ലറുടെ ഭാവാത്മക സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന ഇന്ത്യ കേന്ദ്രമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും കണ്ടിട്ടുണ്ട്. ജര്‍മനിയുടെ മഹാനായ നേതാവായി, 'രാജ്യദ്രോഹികളെ ശിക്ഷിച്ച രാജ്യസ്‌നേഹിയായ ദേശീയവാദി'യായി ഹിറ്റ്‌ലറെ അവര്‍ ചിത്രീകരിക്കുന്നു.
തീര്‍ത്തും വിചിത്രമായ ഈ ഹിറ്റ്‌ലര്‍ സ്തുതി സാമൂഹിക മാധ്യമങ്ങള്‍ക്കും അപ്പുറത്ത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നിരിക്കുന്നു. മനപ്പൂര്‍വമായാലും അല്ലെങ്കിലും ഇന്ത്യയിലുടനീളമുള്ള പല വിദ്യാലയങ്ങളിലും ഹിറ്റ്‌ലര്‍ ആര്‍ജിച്ച നേട്ടങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്.
നിലവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2004ല്‍ ഗുജറാത്ത് സംസ്ഥാന ബോര്‍ഡ് പ്രസിദ്ധീകരിച്ച സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ഹിറ്റ്‌ലറെ വീരനായകനായാണു ചിത്രീകരിച്ചത്. ഫാഷിസത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. പത്താംതരത്തിലെ സാമൂഹിക പാഠപുസ്തകത്തില്‍ ഹിറ്റ്‌ലര്‍ പരമോന്നത നേതാവ്, നാത്‌സിസത്തിന്റെ ആഭ്യന്തരനേട്ടങ്ങള്‍ തുടങ്ങിയ അധ്യായങ്ങളുമുണ്ടായിരുന്നു. നാത്‌സിസത്തിന്റെ പ്രത്യയശാസ്ത്രം എന്ന ഭാഗം ഇങ്ങനെ: ''ജര്‍മന്‍ ഭരണകൂടത്തിന് ഹിറ്റ്‌ലര്‍ അന്തസ്സും പ്രതാപവും പകര്‍ന്നുനല്‍കി. ജൂതസമൂഹത്തിന് നേരെ എതിര്‍പ്പുള്ള നയം സ്വീകരിച്ച അദ്ദേഹം ജര്‍മന്‍ വംശത്തിന്റെ മേധാവിത്വത്തിനായി നിലകൊണ്ടു.''
തമിഴ്‌നാട്ടില്‍ 2011ല്‍ പ്രസിദ്ധീകരിച്ച പത്താംതരം സാമൂഹികപാഠ പുസ്തകത്തില്‍ (2017 വരെ ഈ പാഠപുസ്തകം നവീകരിച്ച പല പതിപ്പുകളിറങ്ങി) ഹിറ്റ്‌ലറെ മഹത്വവല്‍ക്കരിക്കുന്ന അധ്യായങ്ങളുണ്ട്. നാത്‌സികള്‍ ജര്‍മന്‍ രാഷ്ട്രത്തെ എങ്ങനെ മഹത്വപ്പെടുത്തിയെന്നും അതിനായി ഉയരം കൂടിയവരും വെളുത്തവരുമായ (നോര്‍ഡിക്) ഘടകങ്ങളോടെ ജര്‍മന്‍ വംശം നിലനിര്‍ത്തുന്നതിന് ജൂതരെ പീഡിപ്പിക്കാന്‍ (ഹിറ്റ്‌ലര്‍) ഉത്തരവിട്ടുവെന്നുമൊക്കെയുള്ള ഹിറ്റ്‌ലറുടെ നേതൃത്വവും നേട്ടങ്ങളും പുകഴ്ത്തുന്നതാണ് അവ.
2012ല്‍ മുംബൈയിലെ സ്വകാര്യ വിദ്യാലയത്തില്‍ പത്താംതരം വിദ്യാര്‍ഥികളുടെ ഫ്രഞ്ച് ക്ലാസില്‍ തങ്ങള്‍ അങ്ങേയറ്റം ആരാധിക്കുന്ന ചരിത്ര വ്യക്തിത്വത്തിന്റെ പേര് ചേര്‍ത്തു വാചകം പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു. മൊത്തം 25 കുട്ടികളില്‍ ഒമ്പത് പേരും തിരഞ്ഞെടുത്തത് ഹിറ്റ്‌ലറെയാണ്. മധുരയിലെ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഹിറ്റ്‌ലര്‍ ആരാധന ന്യായീകരിച്ചു. എന്നാല്‍, അദ്ദേഹം ജര്‍മനിയിലെ നേതാവായിരുന്നുവെന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു.
ഹിറ്റ്‌ലറുടെ ആത്മകഥ മെയ്ന്‍ കാംഫ് ഇന്ത്യയിലെ പല ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ഥികളും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ്. തടവറയില്‍ വിഷണ്ണനായിക്കഴിഞ്ഞ കുറിയ മനുഷ്യന്‍ എങ്ങനെ ലോകം കീഴടക്കാന്‍ ലക്ഷ്യംവച്ചുവെന്നും അതു നേടുന്നതിനുള്ള വിദഗ്ധ തന്ത്രം തയ്യാറാക്കിയെന്നും അധ്യാപകര്‍ പ്രഭാഷണം നടത്തുന്നു.                                ി

(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it