Pravasi

ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ പ്രശ്‌നം : ഖത്തര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തീരുമാനിച്ചു



ദോഹ: പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ   അഡ്മിഷന്‍ കാര്യത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഖത്തര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും പരിഹാര നിര്‍േദശങ്ങള്‍ സമര്‍പ്പിക്കുന്നതിനും  നിവേദനം നടത്താന്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ മാനേജിങ് കമ്മറ്റി പ്രസിഡന്റുമാരുടെയും  പ്രിന്‍സിപ്പല്‍മാരു ടെയും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍  സന്ദര്‍ശനത്തിനെത്തിയ കേരള മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി ഖത്തര്‍  പ്രധാനമന്ത്രി   ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ മതിയായ സീറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍  രക്ഷകര്‍ത്താക്കള്‍ കുട്ടികളെ നാട്ടിലേക്ക് വിടുന്ന സാഹചര്യങ്ങളും മറ്റു പ്രശ്‌നങ്ങളും ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ക്കായി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇന്‍കാസ് നേതൃത്വം ഇന്നലെ  ഐസിസിയില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍ സ്‌കൂള്‍ അധികാരികളുടെ  യോഗത്തിലാണ് ഈ തീരുമാനം. ഷിഫ്റ്റ് സമ്പ്രദായം,  ക്ലാസ്സുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അനുമതി തേടല്‍, കൂടുതല്‍ സ്ഥലം അനുവദിക്കുകയാണെങ്കില്‍ പുതിയ ക്ലാസ് റൂമുകള്‍ സജ്ജമാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും  യോഗത്തില്‍  ഉയര്‍ന്നു വന്നത്. ഈ ചര്‍ച്ചകളുടെ   അടിസ്ഥാനത്തില്‍ കൂട്ടായ നിവേദനം തയ്യാറാക്കി ഇന്‍കാസിന്റെ  നേതൃത്വത്തില്‍  ഉമ്മന്‍ചാണ്ടി മുഖേന പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളില്‍ അഡ്മിഷന്‍  ലഭിക്കാതിരുന്നവരുടെ വിവരം ശേഖരിക്കാന്‍ ഇന്‍കാസിനെ യോഗം  ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനായി രക്ഷിതാക്കള്‍ക്കു 55699150  (അന്‍വര്‍ സാദത്ത്) എന്ന നമ്പറില്‍ ബന്ധപ്പെടാം.ഇന്‍കാസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍  അധ്യക്ഷത വഹിച്ച  യോഗത്തില്‍  ഐസിസി പ്രസിഡന്റ് മിലന്‍ അരുണ്‍,  സ്‌കൂളുകളെ പ്രതിനിധീകരിച്ച് പി ഫിലിപ്പ്, എ പി  മണികണ്ഠന്‍(ഭവന്‍സ് സ്‌കൂള്‍), ഒ  ജേക്കബ് (ഒലിവ് ഇന്ത്യന്‍ സ്‌കൂള്‍), ഹസന്‍ കുഞ്ഞി, സെയ്ദ് ശൗക്കത്ത്(ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍), കെ അബ്ദുല്‍ കരീം, ഹമീദ കാദര്‍ , (എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍), കെ സി അബ്ദുല്‍ ലത്തീഫ് (ശാന്തിനികേതന്‍ സ്‌കൂള്‍), മഞ്ചരി (പേള്‍), എ കെ ശ്രീവാസ്തവ(ബിര്‍ള പബ്ലിക് സ്‌കൂള്‍), ഷിബു അബ്ദുല്‍ റഷീദ്, ബഷീര്‍ കെ പി(നോബിള്‍ ഇന്ത്യന്‍ സ്‌കൂള്‍ ) എന്നിവരും  ഫൈസല്‍ ഹുദവി, ഇന്‍കാസ്  നേതാക്കളായ  ഹൈദര്‍ ഒറോതയില്‍, കെ വി ബോബന്‍, ഹാന്‍സരാജ്, അന്‍വര്‍ സാദത്ത്, ആഷിഖ് അഹമ്മദ് ഐസിസി മാനേജിങ് കമ്മറ്റി  അംഗം സാം കുരുവിള എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it