Gulf

ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം; നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്ത് സാമൂഹിക വിരുദ്ധ ശല്യം; നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കള്‍
X


ദമ്മാം: ഇന്ത്യന്‍ സ്‌കൂള്‍ ദമ്മാമിന്റെ പരിസരത്തെ സാമൂഹിക വിരുദ്ധ ശല്യങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് രക്ഷാകര്‍ത്തൃ സമൂഹം ആവശ്യപ്പെട്ടു. മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഡിസ്പാക് ബദര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി നടക്കുന്ന സാമൂഹിക വിരുദ്ധരുടെ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്. സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് സാഹചര്യം വിശദീകരിച്ചു. സ്‌കൂള്‍ കാംപസിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉണ്ടാകുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. സിസിടിവി കാര്യക്ഷമവും സ്‌കൂള്‍ പൂര്‍ണമായും നിരീക്ഷിക്കുന്ന രീതിയിലും സജ്ജീകരിക്കുക. തല്‍സമയ നിരീക്ഷണം രണ്ടോ അതിലധികമോ പേര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ ക്രമീകരിക്കുക. സ്‌കൂള്‍ സമയത്തിന് ശേഷം പ്രധാന ഗേറ്റിലൂടെ മാത്രം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടത്തി വിടുക. ഗേള്‍സ് വിഭാഗത്തില്‍ സൂപര്‍വൈസര്‍ തസ്തികയില്‍ ഒരു മെയില്‍ സ്റ്റാഫിനെ നിയമിക്കുക. സ്‌പെഷ്യല്‍ ക്ലാസിന് വരുന്ന കുട്ടികള്‍ക്ക് ഡ്രസ്സ് കോഡ് നിര്‍ബന്ധമാക്കുക. നിലവിലെ സാഹചര്യം മനസിലാക്കി രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഭരണ സമിതി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുക. പ്ലസ് വണ്‍, പ്ലസ്ടു വിഭാഗത്തിനായി പ്രത്യേക കാംപസുകള്‍ സ്ഥാപിക്കുക. പ്രശ്‌നക്കാരായ കുട്ടികളെ കണ്ടുപിടിച്ചു അച്ചടക്ക നടപടി സ്വീകരിക്കുക. പുറത്തു നിന്നുള്ള ഇടപെടലുകളും മറ്റു അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും പോലിസ്, ഗവര്‍ണറേറ്റ് അതോറിറ്റികള്‍ക്ക് റിപോര്‍ട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്. ഡിസ്പാക് പ്രസിഡന്റ് ഷഫീക് സി കെ അധ്യക്ഷത വഹിച്ചു. സി അബ്ദുല്‍ ഹമീദ്, ആലികുട്ടി ഒളവട്ടൂര്‍, ടി പി എം ഫസല്‍, ഇ എം കബീര്‍, കെ എം ബഷീര്‍, ജോര്‍ജ് വര്‍ഗീസ്, ബിജു കല്ലുമല, മുഹമ്മദ് നജാത്തി, മജീദ് ചുങ്കത്തറ, റിയാസ് ടി പി, ആല്‍ബിന്‍ ജോസഫ്, നമീര്‍ ചെറുവാടി, അന്‍സാര്‍ കോട്ടയം, വി എം അര്‍ഷദ്, നൗഫല്‍ വി ഡി, അബ്ദുല്‍ മജീദ് കൊടുവള്ളി, സുരേഷ്, ലിജു മണ്ണറ, നിഹാല്‍ അഹ്മദ് ചര്‍ച്ചയില്‍ പങ്കെടുത്തു. നജീബ് അരഞ്ഞിക്കല്‍ മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി മുജീബ് കളത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്‌റഫ് ആലുവ നന്ദിയും പറഞ്ഞു. ബിന്‍സ്, അബ്ദുല്‍ സലാം, റഫീഖ് കൂട്ടിലങ്ങാടി, ഷമീം, മുഹമ്മദ് സാദിഖ്, ഷൗബീര്‍, അസ്ലം ഫറോക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it