ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി ; കൃഷ്ണകുമാറിന്റെ മൃതദേഹം എട്ടു മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു



റിയാസ് കണ്ണനല്ലൂര്‍

ഇരവിപുരം(കൊല്ലം): എട്ടു മാസം നീണ്ട കുടുംബത്തിന്റെ കാത്തിരിപ്പിനൊടുവില്‍ കൃഷ്ണകുമാറിന്റെ മൃതദേഹം നാട്ടിലെത്തി. എസ്ഡിപിഐയുടെ പ്രവാസി സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ഫോറ(ഐഎസ്എഫ്)ത്തിന്റെ നിരന്തര ഇടപെടലാണ് കൃഷ്ണകുമാറിന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാനും നാട്ടില്‍ സംസ്‌കരിക്കാനുമുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹം സാധിച്ചത്. കൊല്ലം മയ്യനാട് വെള്ളാപ്പില്‍ മുക്കില്‍ വൈശാഖില്‍ സുകുമാരപിള്ള- സരോജിനി അമ്മ ദമ്പതികളുടെ മകനായ കൃഷ്ണകുമാര്‍ (55)എട്ടു മാസം മുമ്പാണ് സൗദിയിലെ ജിസാനില്‍ വച്ച് മരണപ്പെടുന്നത്. ഭാര്യ സുമയും ഏക മകന്‍ സച്ചിന്‍ കൃഷ്ണനും ബന്ധുക്കളും അന്നുമുതല്‍ തന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. സൗദി അറേബ്യയിലെ ചില സംഘടനകളും സാമൂഹികപ്രവര്‍ത്തകരും ഇടപെട്ടെങ്കിലും നിയമക്കുരുക്കുകളും സാമ്പത്തിക ചെലവും വഴി മുടക്കി. പിന്നീടാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഭാരവാഹിയും കര്‍ണാടക സ്വദേശിയുമായ കെ അഹ്മദ് ബാവയുടെ നേതൃത്വത്തില്‍ കലന്ദര്‍, ഷാഹുല്‍, കബീര്‍ പെരുമ്പാവൂര്‍, സലീം എന്നിവര്‍ നടത്തിയ ഇടപെടലാണ് കൃഷ്ണകുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സഹായകമായത്. ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം രാത്രിയോടെ വീട്ടില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it