Articles

ഇന്ത്യന്‍ രാഷ്ട്രീയം അയോധ്യാനന്തരം

സോയാ  ഹസന്‍

നരേന്ദ്രമോദി തന്റെ പാര്‍ട്ടിയെ വിസ്മയകരമായ വിജയത്തിലേക്കു നയിക്കുകയും ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തു വിക്ഷേപിക്കപ്പെടുകയും ചെയ്തത് 2014ലെ പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു. ചില സംസ്ഥാനങ്ങളിലെ മുഴുവനോ അതുമല്ലെങ്കില്‍ ഭൂരിപക്ഷമോ സീറ്റുകള്‍ പിടിച്ചെടുത്ത് ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിനെ 44 സീറ്റില്‍ ഒതുക്കിനിര്‍ത്തിയാണ് ബിജെപി വിജയം കൊയ്തത്. കോണ്‍ഗ്രസ്സിന്റെ കുത്തനെയുള്ള വീഴ്ചയും കേവലഭൂരിപക്ഷത്തോടെയുള്ള നരേന്ദ്രമോദിയുടെ അധികാരാരോഹണവും പാര്‍ട്ടി ഘടനയിലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലും ഹിന്ദുത്വ ദേശീയതയുടെ വക്താക്കളായ വലതുപക്ഷ ശക്തികള്‍ക്ക് കൈവന്ന പ്രാമുഖ്യത്തിന് അടിവരയിടുന്നതാണ്. രാഷ്ട്രീയ സ്വയം സേവക് സംഘവും ബിജെപിയും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹിന്ദു വലതുപക്ഷ രാഷ്ട്രീയമായി പുനര്‍നിര്‍വചിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം അവരുടെ ആധിപത്യത്തെ ഒന്നുകൂടി ഉറപ്പിച്ചു. ചരിത്രത്തെയും ജനാധിപത്യത്തെയും ദേശീയതയെയും കുറിച്ചുള്ള ഭൂരിപക്ഷ സങ്കല്‍പത്തില്‍, പുതിയ രാഷ്ട്രീയം നട്ടുവളര്‍ത്തുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചാണ് ഈ ലേഖനം വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. 1992ല്‍ അയോധ്യയിലെ ബാബരി ധ്വംസനത്തിനുശേഷം അധികാരവും ആധിപത്യവും സ്ഥാപിക്കാന്‍ ഹിന്ദു ദേശീയവാദികള്‍ നടത്തിയ തന്ത്രപരമായ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലും രാഷ്ട്രീയ ഭൂപടത്തിലും സൃഷ്ടിച്ച ആഴത്തിലുള്ള വിസ്‌ഫോടനം അനിവാര്യമായും വിശദീകരിക്കേണ്ടതുണ്ട്. ആറു ദശകത്തിലധികമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ സ്ഥാനം കൈയാളിയിരുന്നത് കോണ്‍ഗ്രസ് ആയിരുന്നു. രാഷ്ട്രീയ വ്യവസ്ഥയില്‍ കോണ്‍ഗ്രസ്സിന്റെ ആവേശവും ആധിപത്യവും തിരിച്ചുപിടിക്കാന്‍ കഴിയാത്തവിധത്തിലായിട്ട് അധികനാളായിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രാധാന്യം കോണ്‍ഗ്രസ്സിനു നഷ്ടമാവാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബിജെപിയും ഹിന്ദു വലതുപക്ഷവും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. മുസ്‌ലിം, ഹിന്ദു വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതും ഇരുവിഭാഗങ്ങളുടെയും മതതാല്‍പര്യങ്ങളെ പരിഗണിക്കുന്നതുമായ വിഭാഗീയ രാഷ്ട്രീയം നനച്ചുവളര്‍ത്താന്‍ 1980കളില്‍ തന്നെ കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. ഷാബാനു കേസിലും ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ തുറന്നുകൊടുക്കുന്നതിലും രാജീവ്ഗാന്ധി സ്വീകരിച്ച നിലപാടും പള്ളി തകര്‍ക്കുന്നതിലേക്ക് കാര്യങ്ങളുടെ ഗതിവേഗം കൂട്ടിയ നരസിംഹറാവു അനുവര്‍ത്തിച്ച സമീപനവും ഈ രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായിരുന്നു. ബിജെപിയുമായി ഏറ്റുമുട്ടല്‍നയം ഒഴിവാക്കിയ റാവുവിന്റെ നിലപാട് സമ്മര്‍ദത്തിലാക്കിയിരുന്നപ്പോള്‍ തന്നെ, ഉത്തരേന്ത്യയില്‍ വ്യാപകമായി ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാകുലതയും കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. ഹിന്ദുവര്‍ഗീയതയുടെ പുലിപ്പുറത്തു കയറി യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നെങ്കിലും പൊതുസ്ഥലിയില്‍ മതപരമായ രാഷ്ട്രീയം കൈയാളുന്നതിലാണ് ഒടുവില്‍ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നത്. ഹിന്ദുത്വശക്തികള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിലും അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുന്നതിലും കുറ്റകരമായ വൈമുഖ്യം പുലര്‍ത്തിയത് പാര്‍ട്ടിയെ സംബന്ധിച്ചു വലിയ പരാജയമായി മാറി. കോണ്‍ഗ്രസ്സിന്റെ ആധിപത്യം അവസാനിച്ചത് ബിജെപിയുടെ ഭൂരിപക്ഷ വര്‍ഗീയതയുടെ വേരോട്ടത്തിനു കളമൊരുക്കി. ഹിന്ദു മധ്യവര്‍ഗത്തെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള തന്ത്രങ്ങളുമായി അവര്‍ മുന്നേറി. പൊതുമണ്ഡലത്തില്‍ യഥാര്‍ഥത്തില്‍ തങ്ങള്‍ക്കുള്ള പ്രാധാന്യം ഹിന്ദു ഭൂരിപക്ഷത്തിന് നിഷേധിക്കപ്പെടുന്നുവെന്ന തോന്നല്‍ അവരില്‍ ശക്തമായി വേരൂന്നാന്‍ ബിജെപിയുടെ നീക്കങ്ങള്‍ സഹായകമായി. ന്യൂനപക്ഷങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ ദുരിതങ്ങള്‍ നേരിടുന്നുവെന്ന പ്രതീതിയുളവാക്കിക്കൊണ്ടായിരുന്നു ഈ ഘട്ടത്തില്‍ അവരുടെ പ്രചാരണങ്ങള്‍ പോലും. ഹിന്ദു ഇന്ത്യ നിര്‍മിക്കുന്നതിനുള്ള ആസക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പുതിയ പ്രതിഭാസമൊന്നുമല്ലെങ്കിലും 1950കളിലും 1960കളിലും ഈ കാഴ്ചപ്പാട് ശക്തമായി പ്രതിരോധിക്കപ്പെട്ടിരുന്നു. ഭരണകൂടവും സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും ഇടതുപക്ഷവും സ്വതന്ത്ര ചിന്തയുള്ള മധ്യവര്‍ഗങ്ങളും മതേതരത്വത്തിലും സാമ്പത്തിക വികസനങ്ങളിലും ശ്രദ്ധയൂന്നിയതും ഹിന്ദുത്വമോഹങ്ങള്‍ പച്ചപിടിക്കുന്നതിനു തടസ്സമായി. സ്വാതന്ത്ര്യത്തിനുശേഷം ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയെക്കുറിച്ചുള്ള സങ്കല്‍പം അടിസ്ഥാനമാക്കിയിരുന്നത് വംശീയ സ്വത്വത്തേക്കാള്‍ പൗരസംബന്ധിയായ ആശയങ്ങളെയായിരുന്നു. റിപബ്ലിക്കിന്റെ ആദ്യ അരനൂറ്റാണ്ടുകാലം നമ്മുടെ രാഷ്ട്രസങ്കല്‍പം, വൈവിധ്യങ്ങളെയും സാംസ്‌കാരിക വൈജാത്യങ്ങളെയും സംരക്ഷിക്കപ്പെടണമെന്ന ആശയവുമായി അഭേദ്യമായി ബന്ധപ്പെട്ടുനിന്നിരുന്നു. പാകിസ്താന്‍ ഒരു മുസ്‌ലിം രാഷ്ട്രമായി. എന്നാല്‍, ഇന്ത്യ ഭരണതലങ്ങളിലടക്കം മതനിരപേക്ഷതയും ബഹുസ്വരതയും സ്വീകരിച്ചു നിലകൊണ്ടു. ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വികസനവും സാമൂഹിക പരിവര്‍ത്തനവും നേടിയെടുക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പൊതുസമ്മതിയുണ്ടാക്കുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റു വിജയിച്ചു. പങ്കാളിത്ത ദേശീയതയിലാണ് നെഹ്‌റു വിശ്വസിച്ചത്. ഹിന്ദു ദേശീയവാദികളുടേതുപോലെ, ഭൂരിപക്ഷ സമുദായത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രത്തെ വീണ്ടും വിഭജിക്കുന്ന സാഹചര്യം അദ്ദേഹം ഒഴിവാക്കി. ബാബരി ധ്വംസനം മതേതര മനസ്സാക്ഷിയില്‍ വിള്ളലുണ്ടാക്കിയ നിര്‍ണായക നിമിഷമായിരുന്നു. സുപ്രിംകോടതി ഉത്തരവുകളെ പോലും അനാദരിച്ചുകൊണ്ടാണ് സംഘപരിവാരം ഡിസംബര്‍ 6ന് പള്ളി തകര്‍ത്തത്. അക്രമങ്ങളെ തുടര്‍ന്ന് രാജ്യമെങ്ങും ആയിരങ്ങള്‍ കൊല്ലപ്പെട്ട അനന്തരസംഭവങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു. ഹിന്ദുത്വത്തിന് ഹിന്ദു ഭൂരിപക്ഷത്തിനുമേല്‍ ആധിപത്യമുറപ്പിക്കാനുള്ള ഒരു രാഷ്ട്രീയനീക്കത്തിന്റെ ക്ലൈമാക്‌സായിരുന്നു ബാബരി ധ്വംസനവും തുടര്‍ന്നുണ്ടായ രാജ്യവ്യാപക അക്രമങ്ങളും. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചതിലൂടെ ഭരണഘടനയ്‌ക്കേറ്റ കനത്ത പ്രഹരം കൂടിയായി അതു മാറി. വിശാലവും ബഹുസ്വരതയില്‍ ഊന്നുന്നതുമായ ഇന്ത്യ എന്ന ആശയത്തിന് പകരം ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ പറിച്ചുനട്ടു. ബഹുസ്വരതയുടെ രാഷ്ട്രീയമൂല്യങ്ങള്‍ പുലര്‍ത്തുന്ന നാട്, മതവൈവിധ്യം ആഘോഷിക്കുന്ന രാഷ്ട്രം, ഹിന്ദു ഭൂരിപക്ഷമുണ്ടായിരിക്കുമ്പോഴും ഹിന്ദുരാഷ്ട്രമാവാതെ നിലകൊള്ളുന്ന രാജ്യം എന്നൊക്കെ, തെക്കനേഷ്യന്‍ രാജ്യങ്ങളുടെ ഇന്ത്യയെക്കുറിച്ചുള്ള പാടിപ്പുകഴ്ത്തലുകളെല്ലാം നിരര്‍ഥകമായി.പള്ളി തകര്‍ത്ത മര്‍ക്കടമുഷ്ടിയാണ് മേല്‍പറഞ്ഞ സവിശേഷതകളുടെയും മൂല്യങ്ങളുടെയും തകര്‍ച്ചയ്ക്കും കാരണമായത്. ഒരു രാഷ്ട്രീയാതിക്രമം എന്ന നിലയില്‍ വലതുപക്ഷ ദേശീയവാദത്തിലൂന്നിയ മതാധികാരം രൂപപ്പെടുത്തുന്നതിന് സ്പഷ്ടമായൊരു തെളിവാണിത്. ഭൂരിപക്ഷ വികാരങ്ങള്‍ക്കു രാഷ്ട്രീയത്തിലും പൊതുവ്യവഹാരങ്ങളിലും പ്രാധാന്യം വര്‍ധിക്കുന്നതിനുള്ള വ്യവസ്ഥാപിതമായ മാര്‍ഗവുമായി അതു മാറി. അത്തരം താല്‍പര്യങ്ങള്‍ക്ക് ഇതോടെ രാഷ്ട്രീയമണ്ഡലത്തില്‍ മുന്‍ഗണന ലഭിക്കുമെന്നും വന്നു. ഭരണകൂടവും മതവും തമ്മിലെ വേര്‍തിരിവ് എപ്പോഴും നേര്‍ത്തതായിരിക്കും; ഇപ്പോഴും നേര്‍ത്തതാണ്. വിഭാഗീയ രാഷ്ട്രീയത്തിന് കൂടുതല്‍ പിന്തുണക്കാരെ കിട്ടുമെന്നതാണ് അതിന്റെ അനന്തരഫലം. ഹിന്ദു ഭൂരിപക്ഷത്തിന്റെ പ്രാമുഖ്യം അംഗീകരിക്കുന്നതിന് അയോധ്യാ പ്രസ്ഥാനം ഭരണകൂടത്തെയും ചില രാഷ്ട്രീയപ്പാര്‍ട്ടികളെയും നിര്‍ബന്ധിതമാക്കി. ഭരണകൂടവ്യവസ്ഥയിലും പൊതുമണ്ഡലത്തിലും ഹിന്ദു ബോധത്തോട് ഉദ്ഭൂതമായ ഈ പുതിയ അനുതാപം ഒരുതരം മാറ്റത്തിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ്. ന്യൂനപക്ഷങ്ങളെ അധീനപ്പെടുത്താനും ആധിപത്യം നേടാനും കഴിയുന്നുവെന്ന മറ്റൊരു ഫലവുമുണ്ട് ഇതിന്. ഹിന്ദുക്കള്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരാണെന്ന ഹിന്ദു വലതുപക്ഷ വീക്ഷണം സര്‍വാംഗീകൃതമായി. സാമ്പത്തികമായും സാംസ്‌കാരികമായും ശക്തമായ ഹിന്ദു ഭൂരിപക്ഷവും അവരിലെ ഉന്നതകുലജാതരും ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും ഭരിക്കേണ്ടവരാണെന്ന തോന്നലും ബലപ്പെട്ടു. അപ്പോള്‍ പോലും ഹിന്ദുക്കള്‍ക്ക് അര്‍ഹമായതൊന്നും ലഭിക്കുന്നില്ലെന്നും മതന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ പക്ഷപാതിത്വം കാട്ടുകയാണെന്നുമുള്ള ചിന്ത വ്യാപകമായി സൃഷ്ടിക്കാനാണ് ഹിന്ദു വലതുപക്ഷം ശ്രമിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ നേടുന്നതിനല്ല, തങ്ങളുടെ 'ശത്രുക്കള്‍'ക്കെതിരേ ഹിന്ദു ഐക്യം രൂപപ്പെടുത്തുന്നതിനാണ് അവര്‍ തുനിഞ്ഞത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദുരാഷ്ട്രത്തിന് പറ്റിയതല്ലെന്ന് അവര്‍ നിശ്ചയിച്ചു. കാരണം, ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജന്മനാടും അവര്‍ തൊഴിലെടുക്കുന്ന മണ്ണും ആണെങ്കിലും സ്വന്തം ദേശവും പുണ്യഭൂമിയുമല്ല എന്ന ചിന്തയാണുള്ളത്. 1925ല്‍ രൂപീകൃതമായതു തൊട്ട് ഇന്നോളം അടിസ്ഥാനപരമായ ഈ ആശയപരിസരത്തു നിന്ന് അവര്‍ ഒരിക്കല്‍ പോലും വ്യതിചലിച്ചിട്ടില്ല(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it