kozhikode local

ഇന്ത്യന്‍ ഫുട്‌ബോളിന്റെ തകര്‍ച്ചയ്ക്കു കാരണം അസോസിയേഷന്‍: കെ പി സേതുമാധവന്‍

കോഴിക്കോട്: ഫുട്‌ബോള്‍ അസോസിയേഷന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഒന്നും ചെയ്യുന്നില്ലെന്നും ഫുട്‌ബോളിന്റെ തകര്‍ച്ചക്കു കാരണം അസോസിയേഷനാണെന്നും രാജ്യാന്തര ഫുട്‌ബോള്‍ താരവും കോച്ചുമായ കെ പി സേതുമാധവന്‍. ലോകകപ്പ് ഫുട്‌ബോള്‍: ഇന്ത്യന്‍ സ്വപ്‌നവും യാഥാര്‍ഥ്യവും എന്ന വിഷയത്തില്‍ കോഴിക്കോട് പ്രസ് ക്ലബ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തിന് മല്‍സരിക്കുന്നവര്‍ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിനെ അയക്കാതെ അസോസിയേഷനിലുള്ളവര്‍ സൗകര്യങ്ങളുപയോഗിച്ച് യാത്ര നടത്തുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ആരെയും അയക്കാത്തതിനുകാരണം എന്‍സിപി-ബിജെപി തര്‍ക്കമാണ്.
ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് ഇവിടെ ക്ലബ്ബുകളില്ലെന്നും ക്ലബ്ബുകളെ പ്രോല്‍സാഹിപ്പിക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്യുന്നില്ലെന്നും സേതുമാധവന്‍ ആരോപിച്ചു. കോഴിക്കോട് ഫുട്‌ബോളിന്റെ കേന്ദ്രമായിരുന്നുവെന്നും മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലിരുന്ന് ഫുട്‌ബോള്‍ മല്‍സരം കാണുന്നതാണ് ഇവിടെയുള്ള സ്‌നേഹത്തിനു കാരണം.
ആസൂത്രണമില്ലായ്മയാണ് ഫുട്‌ബോളിന്റെ തകര്‍ച്ചക്ക് മറ്റൊരുകാരണം. താനുള്‍പ്പെടെയുള്ളവരുടെ കളിക്കാരുടെ മല്‍സരങ്ങളിലൂടെ ലക്ഷക്കണക്കിന് വരുമാനമുണ്ടായിട്ടും ഒരു നയാപൈസയും തങ്ങള്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . ഇനിയൊരു നാഗ്ജി കോഴിക്കോട്ടു തിരിച്ചുവരാന്‍ പറ്റാത്ത വിധത്തില്‍ കടക്കെണിയില്‍ പെട്ടുപോയെന്ന് സംവാദം ഉദ്ഘാടനം ചെയ്ത എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു. ലോകകപ്പിനെ പറ്റി ചിന്തിക്കാന്‍ പറ്റാത്ത തരത്തില്‍ തളര്‍ന്നുനില്‍ക്കയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍.
കേരള ഫുട്‌ബോളിനു നല്ല കളിക്കാരെ സംഭാവന ചെയ്ത ക്ലബ്ബുകള്‍ ഇന്നില്ലാതായിരിക്കുന്നു. ദേശീയ നിലവാരമുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ നിശ്ചലമായിരിക്കയാണിന്ന്. കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും പരിശീലനം നല്‍കുന്നതിന് അമേരിക്കയിലെ ജല്‍സി ക്ലബ്ബിന്റെ സഹായത്തിന് സര്‍ക്കാര്‍ തലത്തില്‍ കത്തയച്ചിട്ടുണ്ട്. നിരുത്തരവാദപരവും നീതീകരിക്കാനാവാത്തതുമായ കാര്യങ്ങളാണ് ഒളിംപിക് അസോസിയേഷന്റെതെന്നും ഏഷ്യന്‍ ഗെയിംസില്‍ ടീമിനെ അയക്കാത്തതിന് എന്ത് യുക്തിയാണുള്ളതെന്നും എംഎല്‍എ ചോദിച്ചു.
പ്രതികൂല കാലാവസ്ഥയില്‍ നിന്നും ചുരുങ്ങിയ ജനസംഖ്യയുള്ള രാജ്യമായ ഐസ്്‌ലന്റിന്റെ പാതയില്‍ നമ്മുടെ രാജ്യം ഫുട്‌ബോളില്‍ മുന്നേറണമെന്നും പ്രദീപ്കുമാര്‍ വ്യക്തമാക്കി. പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷതവഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, സി പി വിജയകൃഷ്ണന്‍, ഐഎസ്എല്‍ താരം ഷഹിന്‍ലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it