World

ഇന്ത്യന്‍ പതാക കീറാനിടയായതില്‍ ബ്രിട്ടന്‍ മാപ്പ് പറഞ്ഞു

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഇന്ത്യന്‍ പതാക കീറിയ സംഭവത്തില്‍ ബ്രിട്ടന്‍ മാപ്പ് പറഞ്ഞു. കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ലണ്ടനിലെത്തിയപ്പോഴായിരുന്നു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ഇന്ത്യക്കാര്‍ പ്രതിഷേധിച്ചത്.
ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തിലെ കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന പതാകയാണ് പ്രക്ഷോഭകര്‍ കീറിയത്. ബ്രിട്ടിഷ് അധികൃതര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞതായും ഇന്ത്യന്‍ പതാക മാറ്റിസ്ഥാപിച്ചതായും സന്ദര്‍ശനത്തില്‍ മോദിക്കൊപ്പമുണ്ടായിരുന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് അധികൃതരോട് ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു. അതേസമയം, ദേശീയപതാക കീറിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നു ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു. ദേശീയപതാകയെ അപമാനിച്ചതില്‍ അതീവ ദുഃഖമുണ്ടെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവനീഷ് കുമാര്‍ പറഞ്ഞു.
വിഷയം ബ്രിട്ടന്റെ ഭാഗത്തുനിന്നു ഗൗരവമായി എടുത്തിട്ടുണ്ട്. ഇതില്‍ പങ്കുള്ളവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ ഇന്ത്യയുടേത് അമിത പ്രതികരണമാണെന്നു പ്രതിഷേധത്തിലുണ്ടായിരുന്ന സിഖ് ഫെഡറേഷന്‍ പ്രതികരിച്ചു.  ബ്രിട്ടനിലെ സിഖ് ഫെഡറേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റ് ചത്വരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. “മോദിക്കെതിരേ ന്യൂനപക്ഷം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 500ഓളം പേരടങ്ങുന്ന പ്രവര്‍ത്തകര്‍ ലണ്ടന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയത്. കാസ്റ്റ് വാച്ച്, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയവയും വിവിധ ദലിത്, മുസ്‌ലിം, വനിതാ സിങ് സംഘടനകളും മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ബ്രിട്ടനില്‍ പ്രതിഷേധിച്ചിരുന്നു. കഠ്‌വയിലെ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം, ദലിത് വിരുദ്ധ ആക്രമണങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
Next Story

RELATED STORIES

Share it