World

ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിപ്പിച്ചു

ഇസ്‌ലാമാബാദ്: ഗില്‍ജിത്-ബാള്‍ടിസ്താന്‍ വിഷയത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങിനെ പാകിസ്താന്‍ വിളിപ്പിച്ചു. ഗില്‍ജിത്-ബാള്‍ടിസ്താന്‍ മേഖലയുള്‍പ്പെടെയുള്ള ജമ്മുകശ്മീര്‍ സംസ്ഥാനം മുഴുവനായും ഇന്ത്യയുടെ ഭാഗമാണെന്നു കഴിഞ്ഞ ദിവസം ഇന്ത്യ പ്രസ്താവിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു പാക് നടപടി. പാക് അധീന കശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഗില്‍ജിത്-ബാള്‍ടിസ്താന്‍ മേഖലയെ അഞ്ചാമതു പ്രവിശ്യയായി പാകിസ്താന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. നാലു പ്രവിശ്യകളിലെ ജനങ്ങള്‍ക്കുള്ള അധികാരം ഗില്‍ജിത്-ബാള്‍ടിസ്താനിലെ ജനങ്ങള്‍ക്കും നല്‍കുന്ന തരത്തിലായിരുന്നു പാകിസ്താന്റെ ഉത്തരവ്. ഇതേത്തുടര്‍ന്നു പാകിസ്താനോട് ഇന്ത്യ കഴിഞ്ഞദിവസം വിശദീകരണം തേടിയിരുന്നു.  ഇന്ത്യയിലെ പാക് ഉപസ്ഥാനപതി സയ്യിദ് ഹൈദര്‍ ഷായെ വിളിപ്പിച്ചാണു വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടിയത്.
ഇതിനിടയ്ക്കാണു ഗില്‍ജിത്-ബാള്‍ടിസ്താന്‍ മേഖലയുള്‍പ്പെടെയുള്ള ജമ്മുകശ്മീര്‍ സംസ്ഥാനം മുഴുവനായും ഇന്ത്യയുടെ ഭാഗമാണെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇന്ത്യയുടെ പ്രസ്താവന യാഥാര്‍ഥ്യങ്ങളുള്‍ക്കൊള്ളുന്നതല്ലെന്നു പാക് വിദേശകാര്യ പ്രതിനിധി മുഹമ്മദ് ഫൈസല്‍ ഇന്ത്യന്‍ പ്രതിനിധിയോടു വ്യക്തമാക്കി. അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ് ഇന്ത്യയുടെ പ്രസ്താവന. ജമ്മുകശ്മീര്‍ കാലങ്ങളായി തര്‍ക്ക പ്രദേശമാണ്. അതിനാല്‍ തന്നെ ഇന്ത്യ ഉടനടി പ്രസ്താവന പിന്‍വലിക്കണം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നത് അംഗീകരിക്കാനാവില്ല. കശ്മീരിലെ ജനങ്ങള്‍ക്കു സ്വയം നിര്‍ണയാകാവകാശം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രമേയങ്ങള്‍ ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചതാണ്. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പാകിസ്താന്‍ പിന്തുണച്ചിട്ടുണ്ട്. ഗില്‍ജിത്-ബാള്‍ടിസ്താന്‍ മേഖലയിലെ ജനങ്ങളുടെ പുരോഗതി മാത്രമാണ് ഇപ്പോഴത്തെ നടപടികളുടെ ലക്ഷ്യം. പ്രശ്‌ന പരിഹാരത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാണെന്നും ഫൈസല്‍ ഇന്ത്യന്‍ പ്രതിനിധിയെ അറിയിച്ചു.
വിഷയത്തില്‍ രാജ്യത്തു തുടരുന്ന പ്രതിഷേധം അനാവശ്യമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖാഖാന്‍ അബ്ബാസി പ്രതികരിച്ചു. ഗില്‍ജിത്- ബാള്‍ടിസ്താന്‍ മേഖലയെ അഞ്ചാമതു പ്രവിശ്യയായി പ്രഖ്യാപിച്ചതിലൂടെ മേഖലയ്ക്ക് മേല്‍ തനിക്ക് അധികാരം വരുന്നില്ല. അധികാരം പ്രാദേശിക പ്രതിനിധികള്‍ക്കു തന്നെയാവും. മേഖലയിലെ ജനങ്ങള്‍ക്കു തന്നെ പരമാധികാരം നല്‍കുകയെന്നതാണ് ഉദ്ദേശ്യം. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പൂര്‍ത്തീകരിച്ചു നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it