ഇന്ത്യന്‍ ചെസ്സിലെ അല്‍ഭുതബാലന്‍ നിഹാലിന് രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം

തൃശൂര്‍: ഐസ്‌ലാന്‍ഡിലെ റെയ്ക്ക്യാവിക്കില്‍ നടക്കുന്ന ബോബി ഫിഷര്‍ മെമ്മോറിയല്‍ അന്തര്‍ദേശീയ ഓപണ്‍ ചെസ് ടൂര്‍ണമെന്റില്‍ അപരാജിതനായി മുന്നേറി ഇന്ത്യന്‍ ചെസ്സിലെ അല്‍ഭുതബാലന്‍ നിഹാല്‍ സരീന്‍. ഇതോടെ തന്റെ രണ്ടാമത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം കരസ്ഥമാക്കിക്കൊണ്ട് ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് നിഹാല്‍.
ഒരു റൗണ്ട് മല്‍സരം മാത്രം ആവശേഷിക്കെ 8 കളികളില്‍ നിന്നും 6 പോയിന്റ് നേടി 2731 എന്ന ഉയര്‍ന്ന അന്തര്‍ദേശീയ റേറ്റിങിന് സമാനമായ നിലവാരമുള്ള പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. 2 ഗ്രാന്‍ഡ്മാസ്റ്റര്‍മാരേയും ഒരു വനിതാ ഗ്രാന്‍ഡ്മാസ്റ്ററേയും പരാജയപ്പെടുത്തിയ നിഹാല്‍ ശക്തരായ 3 ഗ്രാന്‍ഡ്മാസ്റ്റര്‍മാരെ അനായാസം സമനിലയില്‍ തളച്ചു. ഇതില്‍ മുന്‍ ലോകചാംപ്യന്‍ഷിപ്പ് ഫൈനലിസ്റ്റായ അമേരിക്കയുടെ ഗതാ കാംസ്‌കിയും ഈ ടൂര്‍ണമെ ന്റിലെ ഒന്നാം സീഡ് അമേരിക്കയുടെ തന്നെ ഗ്രാന്‍ഡ്മാസ്റ്റര്‍ റാപോര്‍ട്ട് റിച്ചാര്‍ഡും ഉള്‍പ്പെടുന്നു.
2014ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ലോക അണ്ടര്‍ 10 കിരീടം ചൂടിയ നിഹാല്‍ അടുത്ത 2 വര്‍ഷങ്ങളി ല്‍ 12 വയസ്സിനു താഴെയുള്ളവര്‍ക്കുള്ള ലോകകിരീട മല്‍സരത്തില്‍ രണ്ടാമനായി. 2017 ല്‍ മോസ്‌കോയില്‍ നടന്ന എയറോഫ്‌ളോട്ട് അന്തര്‍ദേശീയ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനത്തോടെ ഈ ബാലന്‍ ഇ ന്റര്‍നാഷനല്‍ മാസ്റ്റര്‍ പട്ടം സ്വന്തമാക്കി. അതേവര്‍ഷം നോര്‍വേയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ 9 കളികളില്‍ നിന്ന് അപരാജിതനായി 6 പോയിന്റുകള്‍ കരസ്ഥമാക്കിയ നിഹാല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ചെസ് താരം എന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹനായി. അന്ന് നിഹാലിന്റെ പ്രായം 12 വയസ്സ് 9 മാസം 3 ദിവസം!.
കഴിഞ്ഞവര്‍ഷം ഭാരതത്തില്‍ നടന്ന ലോക യൂത്ത് ചെസ് ഒളിംപ്യാഡില്‍ മൂന്നാം ബോര്‍ഡില്‍ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള സ്വര്‍ണമെഡലും സ്വന്തമാക്കിയിരുന്നു. ക്ലാസിക്കല്‍ ചെസിലും മിന്നല്‍ ചെസിലും ഒരുപോലെ വൈഭവം പ്രകടിപ്പിക്കുന്ന നിഹാലിനെ ഇന്ന് 14 വയസ്സിനു താഴെയുള്ള ചെസ് കളിക്കാരില്‍ ലോക ഒന്നാം നമ്പര്‍ താരമായി ലോക ചെസ് ഫെഡറേഷന്‍ റാങ്ക് ചെയ്തിരിക്കുന്നു. കേരളത്തിന്റെ അഭിമാനതാരമായ നിഹാലും തമിഴ്‌നാടിന്റെ പ്രഗ്യാനന്ദയും ആണ് വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോകചാംപ്യന്‍ഷിപ്പ് നേടാന്‍ സാധ്യതയുള്ള ഭാവിവാഗ്ദാനങ്ങള്‍ എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.
കേരളത്തിന്റെ സ്‌പോര്‍ട്‌സ് ചരിത്രത്തില്‍ മറ്റേത് താരത്തേയും വെല്ലുന്ന നേട്ടങ്ങളാണ് ഈ 13കാരന്‍ ഈ കൊച്ചുപ്രായത്തിനകം നേടിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. സരീന്റേയും ഡോ. ഷിജിന്റേയും മകനായ നിഹാല്‍ ദേവമാതാ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. 2016ല്‍ അസാമാന്യ നേട്ടങ്ങള്‍ കരസ്ഥമാക്കിയ ബാലപ്രതിഭക്കുള്ള ഇന്ത്യന്‍ പ്രസിഡണ്ടിന്റെ അവാര്‍ഡ് നിഹാലിന് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it