Flash News

ഇന്ത്യക്കാര്‍ക്ക് മഗ്‌സാസെ അവാര്‍ഡ്

മനില: നൊബേലിന്റെ ഏഷ്യന്‍ പതിപ്പെന്ന് അറിയപ്പെടുന്ന രമണ്‍ മഗ്‌സാസെ അവാര്‍ഡിന് അര്‍ഹരായവരില്‍ ഇന്ത്യക്കാരും. ഭരത് വത്വാനി, സോനം വാങ്ചുക് എന്നിവര്‍ക്കാണ് പുരസ്‌കാരം. പുരസ്‌കാര പട്ടികയില്‍ രണ്ട് ഇന്ത്യക്കാരടക്കം ആറുപേരുണ്ട്.
തെരുവിലലയുന്ന മാനസിക വെല്ലുവിളിനേരിടുന്നവരെ പരിചരിക്കുന്നതില്‍ ഭരത് വത്വാനി കാണിച്ച സമര്‍പ്പണവും ധൈര്യവുമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സാമൂഹിക പുരോഗതിക്കായി പ്രകൃതി, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഒരുമിച്ചുനിര്‍ത്താനുള്ള ശ്രമത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് സോനം വാങ്ചുകിന് പുരസ്‌കാരം ലഭിച്ചത്. ഡോ. ഭരത് വത്വാനിയും ഭാര്യയും മാനസികവെല്ലുവിളിനേരിടുന്നവരെ  വീട്ടിലേക്ക് കൊണ്ടുവന്ന് ചികില്‍സിക്കുകയും 1988ല്‍ ഇത്തരക്കാര്‍ക്കു വേണ്ടി ശ്രദ്ധ എന്ന പേരില്‍ ക്ലിനിക്ക് സ്ഥാപിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിച്ച് ചികില്‍സ സൗജന്യമായി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.
എന്‍ജിനീയറിങ് ബിരുദധാരിയായ വാങ്ചുക് ഓപറേഷന്‍ ന്യൂ ഹോപ് എന്ന പേരില്‍ ഒരു വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുകയും ലഡാക്കിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.
1996ല്‍ വെറും അഞ്ചു ശതമാനം വിദ്യാര്‍ഥികളാണ് ലഡാക്കില്‍ പത്താംതരം പാസായിരുന്നത്. 2005ല്‍ ഇത് 75 ശതമാനമായി ഉയര്‍ത്താന്‍ ഈ പദ്ധതി വഴി സാധിച്ചു.ആഗസ്ത് 31ന് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വച്ചാണ് അവാര്‍ഡ്ദാനം.
Next Story

RELATED STORIES

Share it