ഇന്തോനീസ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനം ജാവ കടലില്‍ തകര്‍ന്നുവീണു. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പറന്ന ലയണ്‍ എയറിന്റെ ജെ ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുശേഷം കടലിലേക്ക് കൂപ്പുകുത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ ആറുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇവ കിഴക്കന്‍ ജക്കാര്‍ത്തയിലെ ആശുപത്രിയിലേക്കു മാറ്റി. നാലു കുട്ടികളടക്കം 181 യാത്രക്കാരും രണ്ട് പൈലറ്റും മറ്റ് അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
പ്രതികൂല കാലാവസ്ഥയും കനത്ത തിരയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്. കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്തോനീസ്യയുടെ രക്ഷാപ്രവര്‍ത്തന ഏജന്‍സി തലവന്‍ പറഞ്ഞു.
210 പേര്‍ക്കു കയറാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരമാങ്ങിന് സമീപത്തു വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20ന് പറന്നുയര്‍ന്ന വിമാനവുമായി 6.33നാണ് അവസാന ആശയവിനിമയം നടന്നത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. ബോയിങ് 737 മാക്‌സ് 8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിങിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള വിമാനമാണിത്.
കഴിഞ്ഞ ആഗസ്തില്‍ വാങ്ങിയ വിമാനം കേവലം 800 മണിക്കൂര്‍ മാത്രമാണ് ഇതുവരെ പറന്നിട്ടുള്ളത്. വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകും മുമ്പ് തിരിച്ചിറങ്ങാന്‍ അനുമതി ചോദിച്ചിരുന്നതായി റിപോര്‍ട്ടുണ്ട്. വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മിനിറ്റുകള്‍ക്കു മുമ്പ് തിരിച്ചിറങ്ങാനായി ജീവനക്കാര്‍ അനുമതി ചോദിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപോര്‍ട്ട് ചെയ്തത്. യാത്രക്കാരില്‍ ഉന്നത ഉദ്യോഗസ്ഥരായ 23 പേരും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it