ernakulam local

ഇനി വിരലടയാളം പതിച്ച് റേഷന്‍ വാങ്ങാം

പറവൂര്‍: റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ പ്രാബല്യത്തിലാവുന്നതില്‍ ജില്ലയില്‍ പലയിടത്തും റേഷന്‍ വ്യാപാരികളടെ ആശങ്കകളും പ്രതിഷേധങ്ങളും നിലനില്‍ക്കെ, താലൂക്ക് സപ്ലൈ ഓഫിസുകളില്‍ എത്തിയ ഇ പോസ് മെഷീനുകള്‍ ജില്ലയിലെ ഭൂരിഭാഗം റേഷന്‍ വ്യാപാരികള്‍ക്കും വിതരണം ചെയ്തു. ഇ പോസ് മെഷീന്‍ വയ്ക്കുന്നതോടെ ആശങ്കയിലായ എറണാകുളം, മൂവാറ്റുപുഴ, കൊച്ചി എന്നിവിടങ്ങളിലെ 356 റേഷന്‍ കടകളിലാണ് റേഷന്‍ വ്യാപാരികളുടെ നിസ്സഹകരണം മൂലം മെഷീന്‍ വിതരണം നടത്താന്‍ കഴിയാതിരിക്കുന്നത്.
കണയന്നൂര്‍ താലൂക്കില്‍ 167 കടകളിലും കോതമംഗലം 121, കുന്നത്ത്‌നാട് 183, പറവൂര്‍ 149, ആലുവ 216 കടകളിലുമാണ് വിതരണം നടന്നത്. ഏപ്രില്‍ ആദ്യവാരം മുതല്‍ ജില്ലയിലെ റേഷന്‍ കടകളില്‍ വിതരണം ഇ പോസ് മെഷീന്‍ വഴിയാവും.
പുതിയ സംവിധാനം പ്രാബല്യത്തിലാവുന്നതോടെ കുടുംബത്തിന് പുറത്തുള്ളവര്‍ക്ക് ഇനിമുതല്‍ റേഷന്‍ വാങ്ങാന്‍ കഴിയില്ല. കാര്‍ഡില്‍ പേരില്ലാത്തവരുടെ വിരലടയാളം മെഷീന്‍ നിരസിക്കുന്നതിനാലാണിത്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ എന്നതാണ് ഇ പോസ്. ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ഇ പോസ് മെഷീനുമായി ബന്ധിപ്പിച്ചാണ് റേഷന്‍ വിതരണം ചെയ്യുക. ഇതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സോഫ്റ്റ് വേയറുണ്ട്. വിരലടയാളം നല്‍കുമ്പോള്‍ ആധാര്‍ ഡേറ്റാബേസില്‍ നിന്നു അര്‍ഹമായ വിഹിതം സംബന്ധിച്ച് വിവരം ലഭിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് ലഭിക്കുന്നതോടൊപ്പം കാര്‍ഡ് ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം ലഭിക്കും. റേഷന്‍ തിരിമറി ഒഴിവാക്കാനും ഇ പോസ് മെഷീന്‍ സഹായിക്കും. ഗുണഭോക്താവ് വാങ്ങുന്ന ഇനങ്ങളുടെ വിലയും തൂക്കവും മാത്രമല്ല രാവിലെ കട തുറക്കുന്ന സമയവും വൈകീട്ട് അടയ്ക്കുന്ന സമയവും വരെ മെഷീന്‍ രേഖപ്പെടുത്തും.
ഇ പോസ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സമയത്തിന് കടയിലെത്താതെ വീട്ടിലിരുന്ന് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് തട്ടിപ്പ് നടത്താനും കഴിയില്ല. മെഷീന്‍ ഏത് സ്ഥലത്താണുള്ളതെന്ന വിവരം ലൊക്കേഷന്‍ മാപ്പില്‍ തെളിയും.
നിലവിലെ റേഷന്‍കട പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ 12 വരെയും വൈകീട്ട് 4 മുതല്‍ രാത്രി 8 വരെയുമാണ്. ഇ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്.
പറവൂര്‍ താലൂക്കിലെ 149 റേഷന്‍കടകളിലേക്കും ഇ പോസ് മെഷീനുകള്‍ വിതരണവും പരിശീലന ക്ലാസും നടന്നു. വടക്കേക്കര സഹകരണ ബാങ്കിലെ മുസിരിസ് ഹാളില്‍ നടന്ന മെഷീന്‍ വിതരണം താലൂക്ക് സപ്ലൈസ് ഓഫിസര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it