kasaragod local

ഇനി മുതല്‍ ഒമ്പതാംക്ലാസിലും സേ പരീക്ഷ എഴുതാം

കാഞ്ഞങ്ങാട്: ഈ അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസുകാരനും സേ പരീക്ഷ (സേവ് എ ഇയര്‍ പരീക്ഷ) എഴുതാം. അതിനാല്‍ ഒമ്പതാം ക്ലാസ്സില്‍ തോല്‍ക്കുന്ന കുട്ടിക്ക് ഒരു അധ്യയന വര്‍ഷം നഷ്ടപ്പെടില്ല.
സേ പരീക്ഷ എഴുതി ജയിച്ചാല്‍ പത്താം ക്ലാസ്സില്‍ പ്രവേശനം. വിദ്യാഭ്യാസ പ്രവര്‍ത്തകനും അധ്യാപകനും എഴുത്തുകാരനുമായ സുകുമാരന്‍ പെരിയച്ചൂരിന്റെ ഇടപെടലാണ് സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നില്‍. കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ചരിത്രാധ്യാപകനായ സുകുമാരന്‍ പെരിയച്ചൂര്‍ 2015ല്‍ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയുടെ തീര്‍പ്പിലൂടെയാണ് ഒമ്പതാം ക്ലാസ്സുകാരന് സേ പരീക്ഷ നടത്താന്‍ തീരുമാനമായത്.
2014 മുതലാണ് ഒന്ന് തൊട്ട് എട്ടാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക പരീക്ഷയില്‍ ഫുള്‍ പ്രൊമോഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അപ്പോഴും ഒമ്പതാം ക്ലാസ്സിലെ 20 ശതമാനം കുട്ടികളെ തോല്‍പ്പിക്കാനുള്ള ഉത്തരവ് തുടര്‍ന്നുകൊണ്ടേയിരുന്നു. പത്താം ക്ലാസിലും പ്ലസ്ടുവിലും തോറ്റാല്‍ സേ പരീക്ഷ എഴുതാമെങ്കിലും ഒമ്പതാം ക്ലാസ്സുകാരന്‍ തോറ്റാല്‍ ഈ ആനുകൂല്യം ഉണ്ടായിരുന്നില്ല.
ഇത് വിദ്യാഭ്യാസരംഗത്തെ പ്രാകൃത നിയമമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ സുകുമാരന്‍ പെരിയച്ചൂര്‍ പരാതി സമര്‍പ്പിച്ചത്.
ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ മാത്രം ഒരു വര്‍ഷം തോല്‍പ്പിക്കുന്നത് ക്രൂരമാണെന്നും അതിനുപകരമായി സേ പരീക്ഷ നടത്തി കുട്ടികളുടെ ഒരു വര്‍ഷം നഷ്ടപെടുത്താതിരിക്കണമെന്നും ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച പരാതിയില്‍ സുകുമാരന്‍ പെരിയച്ചൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഒമ്പതാംക്ലാസിലും സേ പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it