Editorial

ഇനി മദ്യത്തില്‍ നീന്തിത്തുടിക്കാം

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പന നിരോധനത്തില്‍ നിന്നു കള്ളുഷാപ്പുകളെ കൂടി ഒഴിവാക്കി സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. പാതയോര മദ്യവില്‍പന നിരോധനത്തിനു മുന്‍ ചീഫ്ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ പൂര്‍ണമായി ദുര്‍ബലപ്പെടുത്തുന്നതാണ് ഈ വിധി. ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഘട്ടംഘട്ടമായി നല്‍കിയ ഇളവുകളിലൂടെ നേരത്തേയുള്ള വിധി പൂര്‍ണമായി തിരുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അടക്കം മൂന്നു കക്ഷികള്‍ ഉന്നയിച്ച വാദം അംഗീകരിച്ച സുപ്രിംകോടതി, കോണ്‍ഗ്രസ് നേതാവ് വി എം സുധീരനു വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജിന്റെ വാദങ്ങള്‍ തള്ളിയാണ് വിധിത്തീര്‍പ്പ് നടത്തിയിരിക്കുന്നത്. കള്ളിനെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ആ വിഷയം സ്പര്‍ശിക്കാതെ പഞ്ചായത്തുകള്‍ക്കു നല്‍കിയ ഇളവ് കള്ളുഷാപ്പിന്റെ കാര്യത്തിലും ബാധകമാക്കുകയാണ് ചെയ്തത്.
വാഹനാപകടം കുറയ്ക്കാന്‍ ദേശീയ-സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ ഒരുതരത്തിലുള്ള മദ്യശാലയും പാടില്ലെന്നായിരുന്നു 2016 ഡിസംബര്‍ 15നു സുപ്രിംകോടതി വിധിച്ചത്. എന്നാല്‍, മുനിസിപ്പല്‍ പ്രദേശങ്ങളെ നിരോധനത്തില്‍ നിന്നൊഴിവാക്കി 2017 ജൂലൈ 11നു നടത്തിയ ഉത്തരവിലൂടെ സുപ്രിംകോടതിയുടെ ആദ്യ വിധിയില്‍ ഭാഗികമായി മാറ്റം വരുത്തുകയായിരുന്നു. ഈ ഇളവ് പഞ്ചായത്തുകള്‍ക്കുകൂടി ബാധകമാക്കി ഫെബ്രുവരി 23നു നല്‍കിയ ഉത്തരവിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴുണ്ടായ പുതിയ വിധി.
മദ്യലോബിക്ക് വിധേയപ്പെട്ടും മദ്യത്തെ കെട്ടിപ്പുണര്‍ന്നും മുന്നോട്ടുപോകുന്ന വിചിത്ര വ്യവഹാരമാണ് കേരള രാഷ്ട്രീയം. മദ്യനിരോധനത്തെക്കുറിച്ച് യുഡിഎഫും മദ്യവര്‍ജനത്തെക്കുറിച്ച് എല്‍ഡിഎഫും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും മദ്യവില്‍പനയിലൂടെ സംസ്ഥാന ഖജനാവിലേക്ക് ഒഴുകുന്ന കോടികളിലാണ് ഇരുമുന്നണികളും പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നു മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. ഓണം, ക്രിസ്മസ് പോലുള്ള വിശേഷദിവസങ്ങളില്‍ നടക്കുന്ന കോടികളുടെ മദ്യവില്‍പനയെക്കുറിച്ച് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിടുന്ന കണക്കുകളിലെ ഉള്‍പ്പുളകം അതാണ് വ്യക്തമാക്കുന്നത്.
മദ്യം നേടിത്തരുന്ന വരുമാനത്തേക്കാള്‍ കൂടുതലാണ് അത് ഉണ്ടാക്കുന്ന കെടുതികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ആ വഴിക്കു കാര്യങ്ങള്‍ നോക്കിക്കാണണമെങ്കില്‍ ജനനന്മയെ അടിസ്ഥാനമാക്കുന്ന ഒരു ധാര്‍മിക കാഴ്ചപ്പാട് അധികാരം കൈയാളുന്നവര്‍ക്ക് ഉണ്ടാവണം. അധികാരത്തിന്റെ ഊഴം പരസ്പരം പങ്കിട്ടെടുക്കുന്ന കേരളത്തിലെ മുന്നണികള്‍ തങ്ങള്‍ ഭരിക്കുമ്പോള്‍ പരമാവധി ലാഭമുണ്ടാക്കുക എന്നതിന് ഊന്നല്‍ നല്‍കുന്നു. അതുകൊണ്ട് യുഡിഎഫ് മദ്യനിരോധനത്തെക്കുറിച്ചു വാചാലമാകുമ്പോള്‍ എല്‍ഡിഎഫ് മദ്യവര്‍ജനത്തെക്കുറിച്ചു ധര്‍മരോഷം കൊള്ളുമെന്നല്ലാതെ സംസ്ഥാനത്തെ മദ്യത്തിന്റെ ഒഴുക്കിനു മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
Next Story

RELATED STORIES

Share it