Flash News

ഇനി തീപാറും പോരാട്ടം; ഐഎസ്എല്ലില്‍ പോരാട്ടം മുറുകുന്നു

ഇനി തീപാറും പോരാട്ടം; ഐഎസ്എല്ലില്‍ പോരാട്ടം മുറുകുന്നു
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനി പോരാട്ടം മുറുകും. 18 റൗണ്ടുള്ള ടൂര്‍ണമെന്റില്‍ 12 റൗണ്ട് പിന്നിടുമ്പോള്‍ ബംഗളൂരു എഫ്‌സിയാണ് തലപ്പത്തുള്ളത്. നിലവിലെ പട്ടിക പ്രകാരം ആദ്യ നാലില്‍ ചെന്നൈയിന്‍ എഫ്‌സിയും എഫ്‌സി പൂനെയും ജംഷഡ്പൂര്‍ എഫ്‌സിയുമാണുള്ളത്. ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം കുറവായതിനാല്‍ തന്നെ ഇനിയുള്ള മല്‍സരങ്ങള്‍ ടീമുകള്‍ക്ക് നിര്‍ണായകമാണ്.13 മല്‍സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും നാല് തോല്‍വിയുമടക്കം 27 പോയിന്റുകളാണ് ബംഗളൂരുവിനുള്ളത്. 12 മല്‍സരം കളിച്ച ചെന്നൈയിന്‍ ഏഴ് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയും വഴങ്ങി 23 പോയിന്റുകളോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള പൂനെയുടെ അക്കൗണ്ടില്‍ 13 മല്‍സരങ്ങളില്‍ നിന്ന് ഏഴ് ജയവും ഒരു സമനിലയും അഞ്ച് തോല്‍വിയുമടക്കം 22 പോയിന്റുകളുമുണ്ട്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുരവവ് നടത്തിയ ജംഷഡ്പൂര്‍ എഫ്‌സി 14 കളികളില്‍ ആറ് മല്‍സരം ജയിച്ചപ്പോള്‍ നാല് വീതം സമനിലയും തോല്‍വിയും വഴങ്ങി. അഞ്ചാം സ്ഥാനക്കാരായ എഫ്‌സി ഗോവയ്ക്കും ആറാം സ്ഥാനത്ത് നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനും അക്കൗണ്ടില്‍ 20 പോയിന്റുകളാണുള്ളത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് 14  മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഗോവ 12 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഏറെ പ്രതീക്ഷകളോടെ ഈ സീസണിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ മൂലം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. റെനി മ്യൂലന്‍സ്റ്റീന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരമെത്തിയ ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 14 മല്‍സരങ്ങളില്‍ അഞ്ച് വീതം ജയവും സമനിലയും സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് നാല് മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. അതേസമയം  നിലവിലെ  ചാംപ്യന്‍മാരായഎടികെയോടൊപ്പം   മുംബൈ സിറ്റി എഫ്‌സി,  നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഡല്‍ഹി ഡൈനാമോസ് ടീമുകളുടെ ഈ സീസണിലെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു എന്ന് പറയാം. ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ 14 മല്‍സരങ്ങളില്‍നിന്ന് അഞ്ച് ജയവും രണ്ട് സമനിലയും ആറ് തോല്‍വിയും സഹിതം 17 പോയിന്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. എട്ടാം സ്ഥാനക്കാരായ എടികെ 13 മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും നേടിയപ്പോള്‍ ഏഴ് മല്‍സരങ്ങളില്‍ തോല്‍വിയും രുചിച്ചു. 12 പോയിന്റുകളാണ് എടികെയ്ക്ക് നേടാനായത്. ഒമ്പതാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് 11 പോയിന്റും അവസാന സ്ഥാനക്കാരായ ഡല്‍ഹിക്ക് ഏഴുപോയിന്റുകളുമാണുള്ളത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ ഐഎസ്എല്ലിലെ ആദ്യ ആറ് സ്ഥാനര്‍ക്ക് മാത്രമേ സാധിക്കൂ എന്നതിനാല്‍ തന്നെ ആറാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിനും ഏഴാം സ്ഥാനത്തുള്ള മുംബൈക്കും ഇനിയുള്ള മല്‍സരങ്ങളില്‍ ജയം അനിവാര്യമാണ്.
Next Story

RELATED STORIES

Share it