ഇതര സംസ്ഥാനക്കാര്‍ക്കു നേരെ ആക്രമണംഗുജറാത്ത് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

അഹ്മദാബാദ്: ഗുജറാത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നു ഗുജറാത്ത് ഹൈക്കോടതി. ഇതര സംസ്ഥാനക്കാര്‍ക്കു നേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കാണിച്ച് അഹ്മദാബാദില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഖേംചന്ദ് കോഷ്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
തദ്ദേശീയരുടെ ആക്രമണം തടയുന്നതില്‍ സര്‍ക്കാരും പോലിസും തികച്ചും പരാജയമായിരുന്നുവെന്നു ഹരജി വ്യക്തമാക്കുന്നു. ആക്രമണം ശക്തമായതോടെ ഏതാണ്ട് രണ്ട് ലക്ഷത്തോളം പേര്‍ക്കാണു സംസ്ഥാനത്തു നിന്നു സ്വദേശത്തേക്ക് പോവേണ്ടിവന്നത്. ചില രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളും അക്രമികള്‍ക്കു പ്രചോദനമായി. എന്നാല്‍ എന്തെങ്കിലും നടപടി കൈക്കൊള്ളാനോ, മുന്‍കരുതലുകളെടുക്കാനോ അധികൃതര്‍ തയ്യാറായില്ല. ഇതു സര്‍ക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ വ്യക്തമായ ലംഘനമാണ്. അതിനാല്‍ തന്നെ നിരുത്തരവാദപരമായി പെരുമാറിയ സര്‍ക്കാരിനും പോലിസ് മേധാവിക്കുമെതിരേ നടപടി കൈക്കൊള്ളണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
14 മാസം പ്രായമുള്ള കുട്ടി അഹ്മദാബാദ് ജില്ലയില്‍ ഹിമ്മത് നഗരത്തില്‍ ബലാല്‍സംഗത്തിനിരയായി. കൊലപ്പെടുത്തിയ പ്രതി ഒരു ബിഹാര്‍ സ്വദേശിയാണെന്നുള്ള വാര്‍ത്തയെ തുടര്‍ന്നാണ് ഇതര സംസ്ഥാനക്കാര്‍ക്കെതിരേ തദ്ദേശീയരുടെ ആക്രമണങ്ങള്‍ ആരംഭിച്ചത്.

Next Story

RELATED STORIES

Share it