ഇഡി ഉദ്യോഗസ്ഥനെതിരേ അന്വേഷണമാവാം

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളില്‍ അന്വേഷണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടുപോവാമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എസ് കെ കൗളും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണു തീരുമാനം.
ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് രജനീഷ് കപൂര്‍ എന്നയാള്‍ നല്‍കിയ പരാതിയും ഇതില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജിയും പരിഗണിക്കുകയായിരുന്നു കോടതി. 2ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട എയര്‍സെല്‍ മാക്‌സിസ് ഇടപാട് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥന്‍ രാജേശ്വര്‍ സിങിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അതേക്കുറിച്ച് അന്വേഷണം വേണമെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനും സംശയത്തിന്റെ നിഴലിലായിക്കൂടാ. കേസില്‍ രാജേശ്വര്‍ സിങ് ഇനി ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ നടത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
രാജേശ്വര്‍ സിങിനെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്. എയര്‍സെല്‍ മാക്‌സിസ് ഇടപാട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി രാജേശ്വര്‍ സിങ് നല്‍കിയ ഹരജിയും ഇതേ ബെഞ്ച് മുമ്പാകെയുണ്ട്.
കേസ് പരിഗണിക്കവേ രാജേശ്വര്‍ സിങിന്റെ അഭിഭാഷകനെ കോടതി ഉപദേശിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it