ഇടുക്കി പദ്ധതിയില്‍ പുതിയ പവര്‍ഹൗസിന് അനുമതി

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതി—ക്ക് കീഴില്‍ പുതിയൊരു വൈദ്യുതി നിലയത്തിന് വൈദ്യുതി ബോര്‍ഡിന്റെ പച്ചക്കൊടി. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗമാണ് ഇടുക്കിയില്‍ പുതിയ വൈദ്യുതിനിലയം എന്ന ആശയം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തത്. എന്നാല്‍, ഇതുസംബന്ധിച്ച അന്തിമതീരുമാനം സര്‍ക്കാരിന്റേതാവും. അതിനാല്‍ പുതിയ വൈദ്യുതിനിലയം എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.
വൈദ്യുതി ഉപഭോഗം കൂടിവരുന്ന കാലഘട്ടത്തില്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് വൈദ്യുതി ബോര്‍ഡ് യോഗം അഭിപ്രായപ്പെട്ടു. പുതിയ വൈദ്യുതിനിലയം സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നതായി കെഎസ്ഇബി ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയറക്ടര്‍ വി വേണുഗോപാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പുതിയ പദ്ധതിക്കെതിരായ അഭിപ്രായം ഉയര്‍ന്നിട്ടില്ല. അതിനാല്‍ തീരുമാനമെടുക്കാന്‍ ഫയല്‍ ഉടന്‍ തന്നെ വകുപ്പു മന്ത്രിക്ക് കൈമാറും. പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ കെഎസ്ഇബി നടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് എത്ര ചെലവു വരുമെന്നോ എവിടെ സ്ഥാപിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. ഇടുക്കി സംഭരണിയുടെ ഭാഗമായ കുളമാവ് അണക്കെട്ടില്‍ നിന്ന് നാടുകാണി മല തുരന്നാണ് മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതോല്‍പാദന നിലയത്തിലേക്ക് വെള്ളമെത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. സമാനമായ രീതിയില്‍ മല തുരന്ന് കുളമാവില്‍ നിന്നുതന്നെ പുതിയ പവര്‍ഹൗസിലേക്കും വെള്ളം എത്തിക്കാന്‍ കഴിയുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നു. നിലവിലെ പവര്‍ ഹൗസിന്റെ എതിര്‍വശത്താകും ഇത് സ്ഥാപിക്കുക. പുതിയ പവര്‍ഹൗസിന്റെ സാധ്യത സംബന്ധിച്ച പഠനത്തിന് കേന്ദ്ര ഏജന്‍സിയെ നിയോഗിക്കുന്നതിനും തീരുമാനമുണ്ട്. എന്നാല്‍, പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാവൂ എന്നും വി വേണുഗോപാല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it