Flash News

ഇടുക്കി ഡാം: ചരിത്രത്തിലെ അസാധാരണ സ്ഥിതിവിശേഷം

സി എ  സജീവന്‍
തൊടുപുഴ: ഇടുക്കി അണക്കെട്ടു നേരത്തെ തുറന്നുവിടാനുള്ള ആലോചനയ്ക്കു പിന്നില്‍ ചരിത്രത്തിലെ അസാധാരണ സ്ഥിതിവിശേഷമെന്നു സാങ്കേതിക വിദഗ്ധരുടെ ഉപദേശം. മഴയും നീരൊഴുക്കും ഇതേ നിലയില്‍ തുടരുന്ന പക്ഷം 2400 അടിയെന്ന പരിധി വരെ കാത്തിരിക്കുന്നതു ഗുണകരമാവില്ല. രാത്രിയോ മറ്റോ അണക്കെട്ട് തുറക്കേണ്ടിവരുമോയെന്ന ആശങ്കയും ഇതിലൂടെ ഒഴിവാക്കാനാവുമെന്നു വൈദ്യുതി ബോര്‍ഡ് കരുതുന്നു.
ഇടുക്കിയും മുല്ലപ്പെരിയാറുമടക്കം ജില്ലയിലെ അണക്കെട്ടുകളെല്ലാം ഒരേ സമയം നിറയുകയെന്നതു അപൂര്‍വവും അസാധാരണവുമായ പ്രതിഭാസമാണ്. ഇതിനെയാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം ഒഴുക്കിക്കളഞ്ഞു ഫലപ്രദമായി നേരിടാന്‍ വൈദ്യുതി ബോര്‍ഡ് ഒരുങ്ങുന്നത്. കൂടുതല്‍ കാത്തിരിക്കുന്നത് അബദ്ധമാവുമെന്ന ഉപദേശമാണു സര്‍ക്കാരിനു ലഭിച്ചിട്ടുള്ളത്. കാരണം ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴയിലും നീരൊഴുക്കിലും കുറവുണ്ടായിട്ടു പോലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. മൂലമറ്റം പവര്‍ഹൗസില്‍ അഞ്ച് ജനറേറ്ററുകളും നിര്‍ത്താതെ ഓടിക്കുകയാണ്. എന്നിട്ടും ജലനിരപ്പ് താഴുന്നില്ല. ഇതിനിടെ മുല്ലപ്പെരിയാറില്‍ 136 അടിയെത്തിയെന്നതു സംബന്ധിച്ച ആദ്യ മുന്നറിയിപ്പും തേനി കലക്ടറില്‍ നിന്നു ലഭിച്ചു. ഇതും വൈദ്യുതി ബോര്‍ഡിനെ സമ്മര്‍ദത്തിലാക്കുന്നു. മാത്രമല്ല 30 മുതല്‍ വീണ്ടും മഴയെത്തുമെന്ന കാലാവസ്ഥാ പ്രവചനവുമുണ്ട്.
മുമ്പ് മുല്ലപ്പെരിയാര്‍ 142ല്‍ എത്തി ഷട്ടറുകള്‍ തുറന്നുവിട്ടപ്പോള്‍ ഇടുക്കിയില്‍ താരതമ്യേന ജലനിരപ്പ് കുറവായിരുന്നു. മാത്രമല്ല താഴെയുള്ള ഡാമുകളായ ലോവര്‍ പെരിയാര്‍, ഇടമലയാര്‍, നേര്യമംഗലം ഡാമുകളിലും ഇത്രയും ഉയര്‍ന്ന തോതില്‍ വെള്ളം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണ്. കാരണം ഡാമുകളെല്ലാം സംഭരണശേഷിയുടെ പാരമ്യത്തിലാണ്. ഈ അസാധാരണ സ്ഥിതിവിശേഷമാണ് കാര്യങ്ങള്‍ കൈവിട്ടു പോവുമെന്ന ചിന്തയ്ക്ക് പ്രേരണയായത്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് 2400 അടിയിലെത്താന്‍ കാത്തുനില്‍ക്കാതെ അണക്കെട്ട് തുറന്നുവിടുമെന്ന് വൈദ്യുതി മന്ത്രി എം എം മണി ഇടുക്കിയില്‍ പറഞ്ഞത്. ജലനിരപ്പ് ഇതേനിലയില്‍ കുതിപ്പു തുടര്‍ന്നാല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ബുധനാഴ്ചയോടെ തുറന്നേക്കാം.
Next Story

RELATED STORIES

Share it