ഇടുക്കിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 39 അടി വെള്ളം കൂടുതല്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 39 അടി വെള്ളം കൂടുതല്‍. ഇന്നലെ ഡാമിലെ ജലനിരപ്പ് 2354.42 അടിയാണ്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 2315.48 അടിയായിരുന്നു. സംഭരണശേഷിയുടെ പകുതിയോളം (49.58 ശതമാനം) വെള്ളമാണ് ഇപ്പോഴുള്ളത്. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴയില്‍ ഈ വര്‍ഷം 311 മില്ലിമീറ്ററിന്റെ വര്‍ധനയുണ്ടായി. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 9 വരെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 1064.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചത് 753.8 മില്ലിമീറ്റര്‍ മഴയാണ്.
നിലവിലെ വെള്ളം ഉപയോഗിച്ച് 1064.76 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഡാമില്‍ പരമാവധി വെള്ളം സംഭരിക്കുന്നതിനായി മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദനം കുറച്ചിട്ടുണ്ട്. ഞായറാഴ്ച ഇവിടെ ഉല്‍പാദിപ്പിച്ചത് 1.516 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്.
അന്ന് സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉല്‍പാദനം 16.2086 ദശലക്ഷം യൂനിറ്റാണ്. 58.5194 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്ത് ഞായറാഴ്ച ഉപയോഗിച്ചു.
Next Story

RELATED STORIES

Share it