kasaragod local

ഇടിഞ്ഞുവീണ മണ്ണ് ഒരുമാസം പിന്നിട്ടിട്ടും നീക്കംചെയ്തില്ല

വെള്ളരിക്കുണ്ട്: കനത്ത മഴയില്‍ കുന്നുംകൈ ടൗണിലെ ഹൃദയഭാഗത്ത് നിലം പതിച്ച കല്ലും മണ്ണും നീക്കം ചെയ്യാത്തതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുന്നു. വലിയ കല്ലുകളും മണ്ണും ടൗണിലെ മിനിമാസ്റ്റ് ലൈറ്റിന്റെ അരികില്‍ കൂട്ടിയിട്ടത് കാരണം വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിനു തടസം നേരിടുകയാണ്. മണ്ണിടിഞ്ഞ സമയത്ത് ഭൂരിഭാഗം മണ്ണും കല്ലും രാത്രി തന്നെ മാറ്റിയിരുന്നു. ബാക്കിവന്നവ മറ്റൊരു ദിവസം മാറ്റാമെന്ന അധികൃതര്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും റോഡിലെ കല്ലും മണ്ണും മാറ്റാന്‍ തയാറാകുന്നില്ല. ഇതു വാഹനയാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. മുക്കട ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ എതിര്‍ദിശയിലേക്കു കടന്നു സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അപകടം പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചിറ്റാരിക്കല്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് യാത്രക്കാരന് ഭീമനടി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ തട്ടി പരിക്ക് പറ്റിയിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനും സ്ഥലമില്ലത്തതും ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വെള്ളരിക്കുണ്ട്, ഭീമനടി ഭാഗത്ത് പോകുന്നവര്‍ക്ക് ബസ് കാത്ത് നില്‍ക്കാനുള്ള സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ്. അതേ സമയം സങ്കേതികാനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എന്‍ജിനിയര്‍ പി കെ രഞ്ജിനി പറഞ്ഞു.

Next Story

RELATED STORIES

Share it