Flash News

ഇടവേളയ്ക്ക് ശേഷം കരുത്തുകാട്ടാന്‍ സൗദി

ഇടവേളയ്ക്ക് ശേഷം കരുത്തുകാട്ടാന്‍ സൗദി
X



ജലീല്‍ വടകര

റഷ്യന്‍ മാമാങ്കത്തിന്റെ നിറച്ചാര്‍ത്തനുഭവിക്കാനും ഫുട്‌ബോളിലെ ലോകരാജാക്കന്‍മാര്‍ക്ക് മുന്നില്‍ തങ്ങളുടെ കളിക്കരുത്തറിയിക്കാനും വേണ്ടി 12 വര്‍ഷത്തിന് ശേഷം ഏഷ്യയില്‍ നിന്നും യോഗ്യത നേടിയ ടീമാണ് സൗദി അറേബ്യ. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ റഷ്യയോട് സൗദി അറേബ്യ ഏറ്റുമുട്ടുന്നതോടെയാണ് ഫുട്‌ബോള്‍ ആവേശത്തിനരങ്ങുണരുന്നത്. ആതിഥേയ രാജ്യമായ റഷ്യയും ഈജിപ്തും കരുത്തരായ ഉറുഗ്വേയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ പ്രതീക്ഷയോടെ തന്നെയാണ് സൗദി അറേബ്യയും ഇറങ്ങുന്നത്.ഏഷ്യയില്‍ നിന്നുള്ള അഞ്ച് ടീമുകള്‍ യോഗ്യത നേടുമെന്നിരിക്കെ നിര്‍ണായക മല്‍സരത്തില്‍ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സൗദി അറേബ്യ റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റുറപ്പിച്ചത്. സമനിലയെങ്കിലും വഴങ്ങിയാല്‍ ലോകകപ്പിന് വീണ്ടും ഒരു നാലുവര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമായിരുന്ന സൗദിക്ക് പ്രവാസ ലോകത്തിന്റെ പ്രാര്‍ത്ഥനകളും സൗദി താരരാജാക്കന്‍മാരുടെ കാല്‍പ്പന്തുകളിയിലെ മിടുക്കും അവരെ 2018ലെ റഷ്യന്‍ ലോകകപ്പ് വരെയെത്തിച്ചു. ഏഷ്യന്‍ കരുത്തരായ ആസ്‌ത്രേലിയയെ പിന്തള്ളി നാലാമത്തെ ടീമായി യോഗ്യത നേടിയാണ് താരങ്ങള്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയത്. അന്ന് മുതല്‍ രണ്ട് ദിവസത്തേക്ക് രാജ്യത്തിലെ പൗരന്മാര്‍ക്ക് ഫ്രീകോളുകള്‍ അനുവദിച്ചാണ് സൗദി ഭരണകൂടം 12 വര്‍ഷത്തിന് ശേഷം വന്നെത്തിയ ലോകകപ്പ് യോഗ്യതയെ ആഘോഷിച്ചത്. സൗദി അറേബ്യയുടെ അഞ്ചാമത്തെ ലോകകപ്പും കൂടിയാണിത്. ലോകകപ്പ് ഫുട്‌ബോളിന്റെ പ്രാരംഭഘട്ടം മുതല്‍(1930) 1990 വരെ ടൂര്‍ണമെന്റില്‍ ഇടം കണ്ടെത്താനാവാതെപോയ സൗദിക്ക് 1994ല്‍ അമേരിക്കയില്‍ വച്ച് നടന്ന ലോകകപ്പിലാണ് സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞത്. അന്ന് ഫുട്‌ബോള്‍ ലോകത്തെ കരുത്തരായ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ച്  സൗദി കാല്‍പന്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ സ്വീഡനോട് 1-3ന് പരാജയപ്പെട്ടാണ് ഈ ലോകകപ്പില്‍ സൗദിയുടെ പടയോട്ടത്തിന് അന്ത്യം കുറിച്ചത്. അന്ന് പ്രീക്വാര്‍ട്ടര്‍ കടമ്പയില്‍ മുങ്ങിയ സൗദി ഭാവിയില്‍ കരുത്തോടെ തിരിച്ചുവരുമെന്ന് ലോകരാജ്യങ്ങളോട് താക്കീത് നല്‍കിയാണ് കുത്തകരാജ്യമായ അമേരിക്കയില്‍ നിന്നും വണ്ടി കയറിയത്. ഇൗ ലോകകപ്പിലായിരുന്നു സൗദി അറേബ്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. പിന്നീട് 1998,2002,2006 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലോകകപ്പില്‍ കാലെടുത്തുവച്ച സൗദി താരരാജാക്കന്‍മാര്‍ക്ക് പക്ഷേ കളത്തിലിറങ്ങിയ മല്‍സരങ്ങളിലെല്ലാം കണ്ടക ശനിയായിരുന്നു.  1998ല്‍ ദക്ഷിണാഫ്രിക്കയെയും 2006ല്‍ തുനീഷ്യയെയും 2-2ന്റെ സമനിലയില്‍ തളച്ചതൊഴിച്ചാല്‍ പരാജയത്തിന്റെ നാള്‍വഴികളായിരുന്നു അന്ന് സൗദി അറേബ്യക്ക്. 1994 മുതല്‍ 2006വരെയുള്ള ലോകകപ്പില്‍ സൗദി അറേബ്യയെ വെട്ടത്തിന്റെ തിരികൊളുത്തിയ സ്‌ട്രൈക്കര്‍ സമി അല്‍ ജബ്ബാറായിരുന്നു ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍. ഈ കാലയളവില്‍ സൗദി അറേബ്യയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കാണ് താരം വഹിച്ചത.് 1994 മുതല്‍ 2006 വരെ ലോകകപ്പില്‍ നിറസാന്നിധ്യമായിരുന്ന ജബ്ബാര്‍ കൂടുതല്‍ തവണ ലോകകപ്പ് കളിച്ചവരുടെ കൂട്ടത്തില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയുടെയും മറഡോണയുടെയും മിറോസഌവ് ക്ലോസെയുടെയും റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ഇദ്ദേഹം തന്നെയാണ് 94ലും 98ലും 2006ലും സൗദിയുടെ ടോപ്‌സ്‌കോറര്‍മാരില്‍ തലപ്പത്ത്. ഏഷ്യന്‍ രാജാക്കന്‍മാരെ കണ്ടെത്തുന്ന എഎഫ്‌സി ഏഷ്യാകപ്പില്‍ ആറ് തവണ ഫൈനലില്‍ പ്രവേശിച്ച സൗദി അറേബ്യ ഇതില്‍ മൂന്നിലും കിരീടം നാട്ടിലെത്തിച്ചാണ് സ്വദേശികളുടെ പ്രീതി നേടിയെടുത്തത്. 12 വര്‍ഷത്തിന് ശേഷം ടീമിന് യോഗ്യത നേടിക്കൊടുത്ത മുന്‍ അര്‍ജന്റീനന്‍ താരം യുവാന്‍ അന്റോണിയോ പിസ്സിയുടെ തന്ത്രമികവാണ് മറ്റ് ലോകോത്തര താരങ്ങള്‍ ഭയക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ ടീമിനെ അന്താരാഷ്ട നിലവാരത്തിലേക്കുയര്‍ത്തുന്നതിലും പിസ്സിക്ക് കാര്യമായ പങ്കുണ്ട്. എതിര്‍വലയിലേക്ക് നിറയെഴിക്കാനും എതിര്‍ മുന്നേറ്റതാരത്തെ പ്രതിരോധത്തില്‍ പൂട്ടിയിടാനുമുള്ള കെല്‍പ്പുമായാണ് സൗദിയുടെ പടപ്പുറപ്പാട്. 2015ല്‍ ഏഷ്യയിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് അക്കൗണ്ടിലാക്കിയ അല്‍ ഹിലാല്‍ താരം നാസര്‍ അല്‍ ഷംറാനിയാണ് സൗദിയുടെ കുന്തമുന. താരത്തിന്റെ തന്ത്രത്തിനനുസരിച്ച് ചുവടുമാറ്റാന്‍ മുഹമ്മദ് അല്‍ സഹ്‌ലവിയും നൈഫ് ഹസാസിയും കൂട്ടിനെത്തുമ്പോള്‍ സൗദി ഫുട്‌ബോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.
Next Story

RELATED STORIES

Share it