ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒരു വലിയ സഖാവിന്റെയും ഇടപെടലുണ്ടായിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയിലും വരാപ്പുഴ സംഭവത്തിലും സിപിഎം പ്രതിക്കൂട്ടിലല്ല. ശ്രീജിത്തുമായോ കുടുംബവുമായോ പാര്‍ട്ടിക്ക് ഒരുതരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കേസില്‍ സിപിഎം പ്രതിക്കൂട്ടിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാപ്പുഴ സംഭവത്തില്‍ സര്‍ക്കാര്‍ വളരെ വേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുറ്റവാളികളായ പോലിസുകാര്‍ അറസ്റ്റിലായി. ആലുവ മുന്‍ റൂറല്‍ എസ്പി സസ്‌പെന്‍ഷനിലുമാണ്. എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ കൃഷ്ണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെ പാര്‍ട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും വ്യക്തമാക്കിയതാണ്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി കെ കൃഷ്ണനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് യുഡിഎഫ് ആണ്. ഇക്കാര്യത്തില്‍ വി കെ കൃഷ്ണനോടൊപ്പം നില്‍ക്കാമെന്നു ബിജെപി അംഗങ്ങള്‍ അറിയിക്കുകയും തുടര്‍ന്ന്, പിന്മാറുകയും ചെയ്തു. അതിനാല്‍, യഥാര്‍ഥത്തില്‍ ഇദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനം കളഞ്ഞതിനു പിന്നില്‍ യുഡിഎഫും ബിജെപിയുമാണെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
ആലുവ സ്വതന്ത്ര റിപബ്ലിക്കല്ല എന്ന പ്രസ്താവന അവിടെയുള്ളവരെ ആക്ഷേപിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി സി എന്‍ മോഹനന്‍ പറഞ്ഞു. രാജ്യത്തെ നിയമവാഴ്ച പരിപാലിച്ചുകൊണ്ടേ മുന്നോട്ടുപോവാന്‍ കഴിയൂ എന്നതാണ് ഉദ്ദേശിച്ചത്.
വരാപ്പുഴയിലും എടത്തലയിലുമുണ്ടായ പോലിസ് നടപടികളൊന്നും സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it