Kollam Local

ഇടത് മതേതര ഐക്യം കെട്ടിപ്പടുക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം

കൊല്ലം:ബിജെപിയെയും അവരുടെ ഫാസിസ്റ്റ് നയങ്ങളെയും നേരിടാനായി വിശാലമായ ഇടത് മതേതര ഐക്യം കെട്ടിപ്പടുക്കാനാണ് 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
ബിജെപി ഭരണത്തിന്‍ കീഴില്‍ ഫാസിസ്റ്റ് കാഴ്ചപ്പാട് രാജ്യത്ത് പിടിമുറുക്കുകയാണ്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം എന്ന് പോലും അവര്‍ ആജ്ഞാപിക്കുന്നു.  മോഡി അധികാരത്തില്‍ വന്നതിനുശേഷം ദലിതര്‍ക്കുനേരെ 786 ഓളം ആക്രമണങ്ങളാണ് നടന്നത്. സംഘപരിവാറിന്റെ ലക്ഷ്യം ഹിന്ദുത്വരാജ്യമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുധാകര്‍ റെഡ്ഡി പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ജനപക്ഷ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയായി ജനങ്ങള്‍ അംഗീകരിക്കുന്നതായി സ്വാഗതപ്രസംഗത്തില്‍ കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാചരിത്രത്തിലെ അവിസ്മരണീയമായ അധ്യായം കുറിച്ചിരിക്കുകയാണ്. നേതാക്കളുടെയും അണികളുടെയും കൂട്ടായ്മയുടെ ഫലമായാണിത്. ജനങ്ങള്‍ അവരുടെ ഉല്‍സവമായി ഏറ്റെടുത്തതുകൊണ്ടാണ് വമ്പിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത്.
രാഷ്ട്രീയമായ ഐക്യവും സംഘടനാപരമായ യോജിപ്പും പ്രകടമായ സമ്മേളനമായിരുന്നു ഇത്. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ പ്രസക്തവിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായാണ് അംഗീകരിച്ചത്.
രാഷ്ട്രീയപരമായ ഐക്യം മാത്രമല്ല, സംഘടനാപരമായ യോജിപ്പും അതിലൂടെ പ്രകടിപ്പിച്ചു. സമ്മേളനം അവസാനിച്ചത് ഏകകണ്ഠമായ തിരഞ്ഞെടുപ്പോടെയാണ്.
ഇടതുപക്ഷ രാഷ്ട്രീയം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയാണിതെന്ന് വീണ്ടും പ്രതിജ്ഞയെടുത്തിരിക്കുകയാണ്.
അതിനുവേണ്ടി പോരാടാനുള്ള വിശാലമായ ജനകീയ അടിത്തറ രൂപപ്പെടുത്തുന്നതില്‍  ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it