Kollam Local

ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞതെല്ലാം നടപ്പാക്കും

കൊല്ലം: തിരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാഴാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി പ്രകടന പത്രികയില്‍ പറഞ്ഞ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞാണോ നിങ്ങള്‍ വോട്ട് ചോദിച്ചത് അതെല്ലാം അക്ഷരം പ്രതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളവല്‍കരണ  ഉദാരവല്‍കരണ നയങ്ങള്‍ക്കെതിരായ ബദല്‍ നയം നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യം ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്ല്യങ്ങള്‍ എല്ലാം തകര്‍ക്കപ്പെടുകയാണ്. ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയാണ്. ഭരണഘടനയില്‍ തന്നെ അത് പറയുന്നു. മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി ഭരണം മതനിരപേക്ഷത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ മറവിലുള്ള നടപടികളാണ് നടന്നതെങ്കില്‍ ഇപ്പോള്‍ എല്ലാം തെളിച്ചത്തില്‍ തന്നെ നടപ്പാക്കാനാണ് ശ്രമം. അതിന്റെ ഭാഗമാണ്. കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ മതനിരപേക്ഷത ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞത്. എല്ലാമര്യാദകളും ലംഘിച്ചുകൊണ്ട് മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുകയാണ്. ഇത് വലിയ തോതിലുള്ള ആപത്താണ് വരുത്തിവക്കുന്നത്. ദലിത് വിഭാങ്ങള്‍ക്ക് നേരെയും സംഘടിത ആക്രമണങ്ങള്‍ നടക്കുന്നു. ഓരോ 18 മിനിട്ടിലും ദലിതര്‍ക്കെതിരേ ആക്രമണം നടക്കുന്നു എന്നാണ് കണക്ക്. ഇതോടൊപ്പം സാമ്പത്തിക രംഗവും താറുമാറാക്കുന്നു. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ പറഞ്ഞത് കള്ളപ്പണത്തിനെതിരായ നടപടിയെന്നാണ്. യഥാര്‍ത്ഥത്തില്‍ അതുകൊണ്ട് കള്ളപ്പണക്കാര്‍ക്ക് ഒരു നഷ്ടവുമുണ്ടായില്ല. അതിന്റെ പിന്നാലെ ജിഎസ്ടി കൊണ്ടുവന്നു. കേന്ദ്രീകൃത നികുതി നടപ്പാക്കും മുമ്പ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല. ഇപ്പോള്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വികസന തോതിന് തടസം വന്നിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നു. ഇതെല്ലാത്തിനും ഇടയാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നടപടികളാണ്. സര്‍ക്കാറിന് നേരിടേണ്ടി വന്ന വലിയ ദുരന്തമാണ് ഓഖി ചുഴലിക്കാറ്റ് നിമിത്തം ഉണ്ടായത്. അത്തരം ഒരറിയിപ്പ് കിട്ടിയ ഉടനെ തന്നെ ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു. പക്ഷേ നമ്മുടെ ഒക്കെ നിയന്ത്രണത്തിന് അപ്പുറമുള്ള തരത്തിലാണ് ദുരിതങ്ങള്‍ സംഭവിച്ചത്. ഇക്കാര്യത്തില്‍ നല്ല നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിഞ്ഞിരുന്നു. ദുരന്തം ഏറെ ബാധിച്ച തിരുവനന്തപുരത്തെ തീരത്ത് മന്ത്രിമാരായ മെഴ്‌സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എത്തി എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നുവെന്നും പിണറായി പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.എം മണി, ജെ മെഴ്‌സികുട്ടിയമ്മ, സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പികെ ഗുരുദാസന്‍, രാജ്യസഭാ എംപി സോമപ്രസാദ്, മുന്‍ ജില്ലാ സെക്രട്ടറി, കെ രാജഗോപാല്‍, എംഎല്‍എമാരായ ഐഷാപോറ്റി, എം മുകേഷ്, എം നൗഷാദ്, ജില്ലാകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it