Editorial

ഇടതുമുന്നണിക്ക് ഇത്രയും അപചയം ആവാമോ?

ആര്‍ ബാലകൃഷ്ണപിള്ളയുടെയും സ്‌കറിയ തോമസിന്റെയും നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്സുകള്‍ ലയിച്ച് ഒന്നാവുന്നതിന് താല്‍ക്കാലികമായ ചില തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും, ഇരുകൂട്ടരും ലയിക്കാനുള്ള തത്രപ്പാടിലാണ്. അതു സംഭവിക്കുക തന്നെ ചെയ്യും. ഒന്നേയുള്ളൂ അതിനു കാരണം. ഇടതുമുന്നണിയില്‍ ഘടകകക്ഷിയാവണം, തഞ്ചം കിട്ടിയാല്‍ മന്ത്രിയാവണം; മറ്റു സ്ഥാനമാനങ്ങള്‍ നേടണം. അവരെ മുന്നണിയിലെടുക്കുന്നതിനു പിന്നില്‍ ഇടതുമുന്നണിക്കുള്ള ലക്ഷ്യവും ആദര്‍ശപ്രേരിതമൊന്നുമല്ല. ആദര്‍ശമാണ് മാനദണ്ഡമെങ്കില്‍ അഴിമതിക്കേസില്‍ ജയിലില്‍ കിടന്ന- അതും വി എസ് അച്യുതാനന്ദന്‍ കൊടുത്ത കേസില്‍- കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്, അവരോടൊപ്പം നിന്ന് മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാനായി വിരാജിച്ച ഒരാളുടെ കീശയിലുള്ള പാര്‍ട്ടിയെ മുന്നണിയിലെടുക്കുമായിരുന്നുവോ അവര്‍? അപ്പോള്‍ ഒരുകാര്യം ഉറപ്പ്: പത്തനാപുരത്തും ചുറ്റുവട്ടത്തുമുള്ള വോട്ടുകളാണ് വിഷയം. ഒന്നോ രണ്ടോ സീറ്റുകള്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ പരമപ്രധാനം.
ഇടതുമുന്നണിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന മറ്റൊരു പാര്‍ട്ടി എല്‍ജെഡിയാണ്. ലോക്താന്ത്രിക് ജനതാദള്‍ എന്നാണ് പേരെങ്കിലും അത് എം പി വീരേന്ദ്രകുമാറിന്റെ ജനതാദള്‍ വേഷംമാറിയെത്തിയതാണ്. വീരേന്ദ്രകുമാറിന്റെ തഞ്ചത്തിനും താളത്തിനുമൊത്ത് തുള്ളുന്ന ചിലര്‍ കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണത്. കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ളയ്ക്കും കെ എം മാണിക്കും എന്താണോ അതുതന്നെയാണ് വീരേന്ദ്രകുമാറിന് എല്‍ജെഡി. മകന്‍ ശ്രേയാംസ് കുമാറിന് സ്ഥാനമാനങ്ങള്‍ വേണം. ഗണേഷ് കുമാറിനെയും ജോസ് കെ മാണിയെയും പോലെയുള്ള മറ്റൊരവതാരത്തിന് വേണ്ടി സോഷ്യലിസ്റ്റ് ആശയങ്ങളെ പലയിടങ്ങളിലും പണയംവയ്ക്കുകയാണ് അദ്ദേഹം. അതിലേറെ രസം, തിരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടങ്ങള്‍ മൂലം താന്‍ എല്‍ജെഡിക്കാരനാണെന്ന് പറയാന്‍ വീരേന്ദ്രകുമാറിന് പാടില്ല. പറഞ്ഞാല്‍ ഇടതുമുന്നണി കനിഞ്ഞുനല്‍കിയ എംപി സ്ഥാനം നഷ്ടപ്പെടും. അതായത്, വീരേന്ദ്രകുമാറിന്റെയും മകന്‍ ശ്രേയാംസ്‌കുമാറിന്റെയും ശ്രേയസ് മാത്രമാണ് ഈ പാര്‍ട്ടിയുടെ അജണ്ടയിലുള്ളത്.
ഇടതുമുന്നണിയില്‍ ഇടം കാത്തുനില്‍ക്കുന്ന മറ്റൊരു പാര്‍ട്ടി ഐഎന്‍എല്‍ ആണ്. ഇബ്രാഹീം സുലൈമാന്‍ സേട്ടുവിനെയും ന്യൂനപക്ഷ രാഷ്ട്രീയത്തെയും സിപിഎമ്മും സിപിഐയും പറയാത്ത ചീത്തയില്ല. തീവ്രവാദം പോലും ഇടതു രാഷ്ട്രീയക്കാര്‍ ഐഎന്‍എല്ലിന് മേല്‍ ചാര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ഐഎന്‍എല്ലിനെയും ഇടതുമുന്നണിയില്‍ എടുക്കുന്നുവത്രേ. എന്തു വിലകൊടുത്തും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുകയാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ലക്ഷ്യം. അതിനു വേണ്ടിയാണ് മുന്നണി വിശാലമാക്കാന്‍ ഇടതു രാഷ്ട്രീയം തന്ത്രങ്ങള്‍ മെനയുന്നത്.  സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ഇത്തരം നീക്കങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത് രാഷ്ട്രീയത്തിന്റെ അപചയം എത്രത്തോളമാവാം എന്നു മാത്രമാണ്. സ്വന്തം കാര്യം നേടുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നവരെ പിന്തുണയ്ക്കുകയാണ് ഇടതു രാഷ്ട്രീയമെങ്കില്‍ നമുക്കെന്തിനാണ് അങ്ങനെയൊന്ന്?
Next Story

RELATED STORIES

Share it