ഇടതുപക്ഷത്തിന് വിജയസാധ്യതയില്ലെന്ന് രഹസ്യാന്വേഷണ റിപോര്‍ട്ട്

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പരാജയപ്പെട്ടേക്കും എന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി സൂചന.
ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ മുന്നിലായിരുന്ന ഇടതു സ്ഥാനാര്‍ഥി  സജി ചെറിയാന്‍ പ്രചാരണം മുറുകിയതോടെ പിന്നിലേക്ക് പോവുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതേ നാട്ടുകാരന്‍ തന്നെയായ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം ഇടതു സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ക്രമത്തിലധികമായ പരസ്യ പ്രചാരണവും ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവയുടെ ആധിക്യവും ഇടതു സ്ഥാനാര്‍ഥിയുടെ പണക്കൊഴുപ്പിന്റെ ലക്ഷണമാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. മണ്ഡലത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെന്ന പേരില്‍ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് പതിനായിരക്കണക്കിന് രൂപ മുടക്കി അലങ്കാരപ്പണികളും ഇരിപ്പിടങ്ങളും ഉച്ചഭാഷിണികളും ക്രമീകരിച്ചിരിക്കുന്നതും വോട്ടര്‍മാര്‍ക്കിടയില്‍ സ്ഥാനാര്‍ഥി സമ്പന്നനെന്ന് സൂചനയുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ഇടതു സ്ഥാനാര്‍ഥിയുടെ നിയന്ത്രണത്തിലുള്ള ചില സംഘടനകളുടെ പേരില്‍ മണ്ഡലത്തിലാകെ മെഡിക്കല്‍ ക്യാംപുകള്‍, ആഘോഷങ്ങള്‍ എന്നിവ നടത്തിയതും തിരിച്ചടിയായി.
ചുരുക്കത്തില്‍ ഇതോടെ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ഥി വമ്പന്മാരുടെ പ്രതിനിധിയെന്നും സാധാരണക്കാര്‍ക്ക് മുകളിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനമെന്നുമുള്ള ആരോപണത്തിന് ഇടയാക്കി. ഇതോടെയാണ് ആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്നിരുന്ന വിജയസാധ്യത തിരഞ്ഞെടുപ്പ് രംഗം മുറുകിയതോടെ കുറഞ്ഞിരിക്കുന്നത്.അതേസമയം, 31ന് നടത്താനിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികം 30ലേക്ക് മാറ്റിവച്ചു.
ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം എതിരായാല്‍ 31ന്റെ ആഘോഷങ്ങള്‍ സര്‍ക്കാരിന് ബാധ്യതയാവും എന്നു കരുതിയാണ് ആഘോഷങ്ങള്‍ 30ലേക്ക് മാറ്റാന്‍ ഇടയായത്. ഇതോടെയാണ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയതായുള്ള സൂചന ഉണ്ടായത്.
Next Story

RELATED STORIES

Share it