Flash News

ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ പഞ്ച്; കോസ്റ്റാറിക്കയ്‌ക്കെതിരേ ബ്രസീലിന് സൂപ്പര്‍ ജയം

ഇഞ്ചുറി ടൈമില്‍ ബ്രസീല്‍ പഞ്ച്; കോസ്റ്റാറിക്കയ്‌ക്കെതിരേ ബ്രസീലിന് സൂപ്പര്‍ ജയം
X

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് ഇയിലെ നിര്‍ണായക പോരാട്ടത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് ബ്രസീല്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാനറിപ്പട വിജയം സ്വന്തമാക്കിയത്. 91ാം മിനിറ്റില്‍ ഫിലിപ്പ് കോട്ടീഞ്ഞോയും 97ാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിനായി വലകുലുക്കിയത്.
ബ്രസീല്‍ 4-2-3-1 ഫോര്‍മാറ്റില്‍ ബൂട്ടണിയുമ്പോള്‍ 5-4-1 ഫോര്‍മാറ്റിലാണ് കോസ്റ്റാറിക്ക കളിക്കുന്നത്. നീലജഴ്‌സിയിലാണ് ബ്രസീല്‍ ഇന്ന് കളിക്കുന്നത്. മൂന്നാം മിനിറ്റില്‍ത്തന്നെ കോട്ടീഞ്ഞോയുടെ ലോങ് റേഞ്ച് ഷോട്ട് കോസ്റ്റാറിക്ക ഗോല്‍പോസ്റ്റിന് മുകളിലൂടെ കടന്നുപോയി. ശക്തമായ പ്രത്യക്രമണം പുറത്തെടുക്കുന്ന കോസ്റ്റാറിക്കയ്ക്ക് വേണ്ടി ഏഴാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ ഗംബോവ തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. 12ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ കോസ്റ്റാറിക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 25ാം മിനിറ്റില്‍ നെയ്മറുടെ പാസില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിന് വേണ്ടി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
29ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം മാഴ്‌സലോ കോസ്റ്റാറിക്ക ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് തൊടുത്തെങ്കിലും പന്ത് ഗോള്‍പോസ്റ്റിന് അരികിലൂടെ കടന്ന് പോയി. 31ാം മിനിറ്റില്‍ വീണ്ടും നെയ്മര്‍ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗബ്രിയേല്‍ ജീസസ് വീണ്ടും ഓഫ്‌സൈഡാവുന്നു. 40ാം മിനിറ്റില്‍ മുന്നേറ്റത്തിനൊടുവില്‍ ഗബ്രിയേല്‍ മാഴ്‌സലോ തൊടുത്ത ഷോട്ട് കോസ്റ്റാറിക്ക ഗോളി അനായാസം സേവ് ചെയ്തു. പിന്നീടുള്ള സമയത്തും ഗോള്‍ പിറക്കാതെ വന്നതോടെ ആദ്യ പകുതി ഇരു കൂട്ടര്‍ക്കും ഗോള്‍ രഹിതമായി പിരിയേണ്ടി വന്നു. ആദ്യ പകുതിയില്‍ 67 ശതമാനം പന്തടക്കത്തില്‍ ബ്രസീല്‍ മുന്നിട്ട് നിന്ന് ഏഴ് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി മൂന്ന് തവണയാണ് കോസ്റ്റാറിക്കയ്ക്ക് ബ്രസീല്‍ ഗോള്‍മുഖം വിറപ്പിക്കാനായത്.
രണ്ടാം പകുതിയിലും ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 91ാം മിനിറ്റില്‍ ബ്രസീല്‍ നിര നടത്തിയ മിന്നലാക്രമണത്തെ ഫിലിപ്പ് കോട്ടീഞ്ഞോ മനോഹരമായി ഫിനിഷ് ചെയ്തതോടെ 1-0ന് ബ്രസീല്‍ മുന്നില്‍. 97ാം മിനിറ്റില്‍ ഡെഗ്ലസ് കോസ്റ്റയുടെ തകര്‍പ്പന്‍ ക്രോസിനെ വലയിലാക്കി നെയ്മറും കരുത്തുകാട്ടിയതോടെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം ബ്രസീലിനൊപ്പം നിന്നു. ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത ബ്രസീല്‍ സജീവമാക്കിയപ്പോള്‍ രണ്ടാം തോല്‍വിയോടെ കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
Next Story

RELATED STORIES

Share it