ഇംപീച്ച്‌മെന്റ്: അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളിയതിനെതിരേ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹരജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എ കെ സിക്രി, എന്‍ വി രമണ, അരുണ്‍ മിശ്ര, എ കെ ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ആരോപണം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ കൊളീജിയത്തിലെ മുതിര്‍ന്ന നാലു ജഡ്ജിമാരില്‍ ഒരാളെ പോലും ഉള്‍പ്പെടുത്താതെയാണ് ചീഫ് ജസ്റ്റിസ് ഭരണ ഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
ഹരജി ആറാം നമ്പര്‍ കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് പരിഗണിക്കും. ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരേ കോണ്‍ഗ്രസ് എംപിമാരായ പ്രതാപ് സിങ് ബാജ്‌വ, ആമീ ഹര്‍ഷാദ്രേയ് എന്നിവരാണ് ഇന്നലെ ഹരജി നല്‍കിയത്. ജസ്റ്റിസ് ജെ ചെലമേശ്വര്‍, എസ് കെ കൗള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും പ്രശാന്ത് ഭൂഷണും വിഷയം ഉന്നയിച്ചത്.വിഷയം ഇന്നു ജസ്റ്റിസ് ചെലമേശ്വര്‍ പരിഗണിക്കാനിരിക്കെയാണ് നടപടി.
അതിനിടെ, ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സംബന്ധിച്ചു പാര്‍ലമെന്റ് അംഗങ്ങള്‍ പൊതുവേദികളില്‍ സംസാരിക്കുന്നതിനെതിരേ നല്‍കിയ ഹരജിയില്‍ ജൂലൈ മൂന്നാമത്തെ ആഴ്ച വാദം കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഇന്നലെ വ്യക്തമാക്കി. ഹരജിയില്‍ അടിയന്തര വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്നു വ്യക്തമാക്കിയ സുപ്രിംകോടതി, ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെ രാജ്യസഭാ ചട്ടങ്ങള്‍ തന്നെ വിലക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it