kannur local

ഇംഗ്ലീഷ് ഭാഷ പഠിക്കാതെ പുതുകാലത്ത് ജീവിതമില്ല: എം മുകുന്ദന്‍

മാഹി: നമ്മുടെ പൈതൃകവും ഓര്‍മകളുമെല്ലാം മാതൃഭാഷയില്‍ അന്തര്‍ലീനമാണെങ്കിലും ആഗോള ഭാഷയായി മാറിയ ഇംഗ്ലീഷ് പഠിക്കാതെ പുതുകാലത്ത് ജീവിതമില്ലെന്ന് പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. മാഹി ശ്രീ നാരായണ കോളജ് ഓഫ് എജ്യുക്കേഷനില്‍ നടക്കുന്ന ത്രിദിന അന്തര്‍ദേശീയ ഇംഗ്ലീഷ് ഭാഷാ ശില്‍പശാലയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കൊളോണിയല്‍ ഭാഷയായ ഇംഗ്ലീഷ് ഇന്ന് 200 കോടി ആളുകള്‍ സംസാരിക്കുന്ന ആഗോള ഭാഷയാണ്. വിക്‌റ്റോറിയന്‍ മൊറാലിറ്റി കൊണ്ടുനടക്കുന്ന ഇംഗ്ലീഷുകാര്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും കല്‍പിക്കുന്ന പ്രാധാന്യം മഹത്തരമാണ്. പതിനായിരത്തിലേറെ ഭാഷകള്‍ നിലനിന്നിരുന്ന ലോകത്ത് ഇപ്പോള്‍ 6500 ഭാഷകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളു. ഓരോ മാസവും ഒന്നും രണ്ടും ഭാഷകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിനു പുറമെ ന്യൂയോര്‍ക്കില്‍ 80 ഭാഷകള്‍ നിലവിലുണ്ട്.
കുടിയേറ്റക്കാര്‍ക്കൊപ്പം അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം കുടിയേറുന്നുണ്ട്. നേപ്പാളില്‍ 30 ഭാഷകള്‍ നിലവിലുണ്ട്. ഭൂരിഭാഗത്തിനും ലിപികളില്ല. ഒരാള്‍ മാത്രം സംസാരിക്കുന്ന ഭാഷയുമുണ്ട്. കുറ്റിയറ്റു പോവുന്ന ഈ ഭാഷ നിലനിര്‍ത്താന്‍ ത്രിഭുവന്‍ സര്‍വകലാശാല ഈ ഭാഷ സംസാരിക്കുന്ന സ്ത്രീയില്‍ നിന്നു ഭാഷാ പരിജ്ഞാനം സ്വായത്തമാക്കി രേഖപ്പെടുത്തിവച്ചിട്ടുണ്ട്. നമ്മളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് അതിരുകള്‍ മായുകയാണെങ്കിലും മനുഷ്യമനസ്സുകളില്‍ അത് ബലപ്പെടുകയാണെന്ന് അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയിലെ ഡോ. റോജര്‍ നണ്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി എ മാത്യു, ഡോ. പി ഭാസ്‌കരന്‍ നായര്‍, ഡോ. താരരത്‌നം, നോവലിസ്റ്റ് എം രാഘവന്‍, ഡോ. എ ഉണ്ണികൃഷ്ണന്‍, ഡോ. പ്രഭാത് ഭാസ്‌കര്‍, പ്രഫ. എന്‍ എല്‍ ബീന, ഡോ. സി പ്രവീണ്‍, ഡോ. ആന്റണി ഫെര്‍ണാണ്ടസ്, ഡോ. ബീനാ ഫിലിപ്പ് സംസാരിച്ചു. ശില്‍പശാലയില്‍ ഇന്നും നാളെയും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it