Flash News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന് ആഘോഷ ജയം



ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള പോരാട്ടം കടുക്കുന്നു. ആവേശ പോരാട്ടത്തില്‍ സണ്ടര്‍ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആഴ്‌സനല്‍ തകര്‍ത്തപ്പോള്‍ വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയും വീഴ്ത്തി.ലീഗ് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്കെത്തവേ ആദ്യ നാലിലേക്കുള്ള പോരാട്ടം കടുപ്പിച്ച് ആഴ്‌നലിന് തകര്‍പ്പന്‍ ജയം.  ആഴ്‌സനലിന്റെ കളിത്തട്ടായ എമിറേറ്റ് സ്‌റ്റേഡിയത്തില്‍ പെയ്ത കനത്ത മഞ്ഞുവീഴ്ചയിലും ചൂടന്‍ പോരാട്ടം പുറത്തെടുത്ത് ആഴ്‌സനല്‍ ആരാധകരെ ത്രസിപ്പിച്ചു.തണുപ്പന്‍ തുടക്കമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യ പകുതിയില്‍ പതിയെ തുടങ്ങിയ ഇരുകൂട്ടരും ചില മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 3-4-2-1 ഫോര്‍മാറ്റിലാണ് ആഴ്‌സനല്‍ സണ്ടര്‍ലാന്റിനെതിരേ ബൂട്ട്‌കെട്ടിയത്. മുന്നേറ്റ നിരയില്‍ ജെറാഡ് പടനയിച്ചപ്പോള്‍ മസൂദ് ഓസിലും അലക്‌സീസ് സാഞ്ചസും പിന്തുണയേകി. അതേ സമയം ആഴ്‌സനലിന്റെ ശക്തമായ മുന്നേറ്റനിരയെ പൂട്ടാന്‍ 3-5-2 ശൈലിയിലാണ് സണ്ടര്‍ലാന്റ് കളത്തിലിറങ്ങിയത്. മധ്യനിരയില്‍ അഞ്ച് താരങ്ങള്‍ ഉണര്‍ന്നു കളിച്ചതോടെ ആദ്യ പകുതിയില്‍ സണ്ടര്‍ലാന്റ് ഗോള്‍മുഖത്ത് പന്തെത്തിക്കാന്‍ ആഴ്‌സനല്‍ താരങ്ങള്‍ നന്നായി വിയര്‍ത്തു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമുകളുടേയും അക്കൗണ്ട് കാലിയായിരുന്നു.രണ്ടാം പകുതിയില്‍ ആഴ്‌സനല്‍ പുതിയ തന്ത്രവുമായാണ് കളത്തിലിറങ്ങിയത്. സണ്ടര്‍ലാന്റിന് പന്ത് വിട്ടുകൊടുക്കാതെ കൂടുതല്‍ സമയം പന്ത് കൈവശം വയ്ച്ച് കളിച്ച് മുന്നേറിയ ആഴ്‌സനല്‍ തന്ത്രം 72ാം മിനിറ്റിലാണ് ഫലം കണ്ടത്. മസൂദ് ഓസിലിന്റെ അസിസ്റ്റില്‍ അലക്‌സീസ് സാഞ്ചസ് സണ്ടര്‍ലാന്റിന്റെ വലതുളച്ചു. ആഴ്‌സനല്‍ 1-0ന് മുന്നില്‍. ആദ്യ ഗോള്‍ പിറന്നത്തോടെ പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്കിറങ്ങിയ സണ്ടര്‍ലാന്റിന്റെ പദ്ധതികള്‍ അമ്പേ പരാജയപ്പെട്ടു. കളി മറന്ന സണ്ടര്‍ലാന്റ് ഗോള്‍ പോസ്റ്റില്‍ സാഞ്ചസ് വീണ്ടും പന്ത് കയറ്റി. ആഴ്‌സനല്‍ 2-0 ന് മുന്നില്‍. രണ്ടു ഗോള്‍ വഴങ്ങിയ സണ്ടര്‍ലാന്റിന് അവസാന മിനിറ്റുകളില്‍ പന്ത് നല്‍കാതെ ആഴ്‌സനല്‍ താരങ്ങള്‍ മുന്നേറിയപ്പോള്‍ 2-0ന്റെ ജയം ആഴ്‌സനലിനൊപ്പം നിന്നു.മല്‍സരത്തിന്റെ 63 ശതമാനവും പന്ത് ആഴ്‌സനലിന്റെ കൈവശമായിരുന്നു. സണ്ടര്‍ലാന്റ് ഗോള്‍മുഖത്ത് 36 തവണ ആഴ്‌സനല്‍ പന്തെത്തിച്ചെങ്കിലും രണ്ടെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. സണ്ടര്‍ലാന്റ് ഗോള്‍ കീപ്പര്‍ പിക്ക്‌ഫോര്‍ഡ് ആഴ്‌സനലിന്റെ 11 തകര്‍പ്പന്‍ ഷോട്ടുകളാണ് തടുത്തിട്ടത്. ജയത്തോടെ 37 മല്‍സരങ്ങളില്‍നിന്ന് 72 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ആഴ്‌സനലുള്ളത്. നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ആഴ്‌സനലിനുള്ളത്.
Next Story

RELATED STORIES

Share it