Cricket

ഇംഗ്ലണ്ട് കരുതിയിരുന്നോളൂ; അയര്‍ലന്‍ഡിനെ നാണം കെടുത്തി ഇന്ത്യക്ക് പരമ്പര

ഇംഗ്ലണ്ട് കരുതിയിരുന്നോളൂ; അയര്‍ലന്‍ഡിനെ നാണം കെടുത്തി ഇന്ത്യക്ക് പരമ്പര
X

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യക്ക് വെടിക്കെട്ട് ജയം. 143 റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ അയര്‍ലന്‍ഡിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന്റെ പോരാട്ടം 12.3 ഓവറില്‍ 70 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് കരുത്തായത് കെ എല്‍ രാഹുലിന്റെയും (70) സുരേഷ് റെയ്‌നയുടെയും അര്‍ധ സെഞ്ച്വറികളാണ്. ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബൂംറയ്ക്കും പകരം ഉമേഷ് യാദവും സിദ്ധാര്‍ത്ഥ് കൗലും ധോണിക്ക് പകരം ദിനേഷ് കാര്‍ത്തികും ഇന്ത്യക്കുവേണ്ടിയിറങ്ങി. രോഹിത് ശര്‍മയുണ്ടായിട്ടും രാഹുലിനൊപ്പം വിരാട് കോഹ്‌ലിയാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. എന്നാല്‍ മികവിനൊത്ത് ഉയരാതിരുന്ന കോഹ്‌ലി ഒമ്പത് റണ്‍സ് നേടി തുടക്കത്തിലേ തന്നെ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുലും റെയ്‌നയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് അടിത്തറയേകുകയായിരുന്നു.  ലഭിച്ച അവസരം മുതലാക്കിയ രാഹുല്‍ 36 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ആറ് സിക്‌സറും പറത്തിയപ്പോള്‍  റെയ്‌ന 45 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സറും അടിച്ചെടുത്തു. രണ്ടാം വിക്കറ്റില്‍ 106 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം രാഹുലിനെ മടക്കി കെവിന്‍ ഒബ്രിയാനാണ് കൂട്ടുകെട്ട് പൊളിച്ചത്.
നാലാമനായി ക്രീസിലെത്തിയ രോഹിത് ശര്‍മയെ (0) അക്കൗണ്ട് തുറക്കും മുമ്പേ ഒബ്രിയാന്‍ കൂടാരം കയറ്റി. എന്നാല്‍ അവസാന ഓവറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിനെ 213ലെത്തിച്ചത്. ഒമ്പത് പന്തുകള്‍ നേരിട്ട് ഒരു ഫോറും നാല്് സിക്‌സറും ഉള്‍പ്പെടെ 32 റണ്‍സാണ് ഹര്‍ദിക് അടിച്ചെടുത്തത്.
മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിന് തുടക്കം മുതല്‍ ചുവടു പിഴച്ചു. യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാവും സ്പിന്‍ മൂന്ന് വിക്കറ്റ് വീതം പങ്കിട്ടതാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും സിദ്ധാര്‍ത്ഥ് കൗളും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. 15 റണ്‍സെടുത്ത ഗാരി വില്‍സനാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. ജയത്തോടെ രണ്ട് മല്‍സര പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി.
Next Story

RELATED STORIES

Share it