ആസ്‌ത്രേലിയയുടെ ചതിക്കളി പൊളിച്ചത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

കേപ്ടൗണ്‍: ആസ്‌ത്രേലിയ ന്‍ കായികലോകത്തിന് നാണക്കേട് സൃഷ്ടിച്ച് ഓസീസ് ക്രിക്കറ്റ് ടീമിന്റെ പന്തുചുരണ്ടല്‍ വിവാദം കത്തിക്കയറുകയാണ്. ടീമിന്റെ നായകസ്ഥാനത്തു നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചതിനു പിന്നാലെ പരിശീലകന്‍ ഡാരന്‍ ലേമാനും പദവി നഷ്ടമാവുമെന്ന് ഉറപ്പായിട്ടുണ്ട്്.
മാന്യന്‍മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റില്‍ ഇത്തരമൊരു ചതിക്കളി നടത്തിയ ഓസീസ് ടീമിെന്റ കപടമുഖം പുറത്തുകൊണ്ടുവന്നത് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും കമന്റേറ്ററുമായ ഫാനി ഡിവില്ലിയേഴ്‌സിന്റെ ഇടപെടലാണ്. കാമറാമാനുമൊത്ത് അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കമാണ് ഓസീസ് ടീമിന്റെ കള്ളക്കളി വെളിച്ചത്തു കൊണ്ടുവന്നത്.
മല്‍സരത്തിനിടയ്ക്ക് തനിക്ക് അസ്വാഭാവികമായ ചില കാര്യങ്ങള്‍ നടക്കുന്നതുപോലെ തോന്നിയെന്നും അതിനാല്‍ കാമറാമാനോട് ഓസീസ് താരങ്ങള്‍ക്കുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും ഫാനി ഡിവില്ലിയേഴ്‌സ് പറഞ്ഞു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സ് 26, 27 ഓവറുകള്‍ എത്തിയപ്പോള്‍ തന്നെ പന്ത് നന്നായി റിവേഴ്‌സ് സ്വിങ് ചെയ്യുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്രയും നേരത്തേ ന്യൂ ബൗളില്‍ സ്വിങ് ലഭിക്കുകയെന്നത് തന്നെ അദ്ഭുതപ്പെടുത്തി. ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം നടത്തിയതായി അപ്പോള്‍ തോന്നിയിരുന്നു. ഉടന്‍ തന്നെ കാമറാമാനായ സോട്ടാനി ഓസ്‌കറിനോട് സൂക്ഷ്മമായി ഓരോ താരങ്ങളെയും നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നരമണിക്കൂറോളം കാമറാമാന്‍ നടത്തിയ നിരീക്ഷണത്തിനൊടുവില്‍ ബാന്‍ക്രോഫ്റ്റിന്റെ കള്ളത്തരം തിരിച്ചറിയുകയായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കയിലെ പുല്ലു നിറഞ്ഞ മൈതാനത്ത് പന്തിന്റെ ആകൃതിയില്‍ പെട്ടെന്ന് മാറ്റം സംഭവിക്കില്ല. അതിനാല്‍ തന്നെ സ്വിങ് ലഭിക്കണമെങ്കില്‍ വളരെയധികം പ്രയാസമാണ്. എന്നാല്‍, പന്തിന്റെ ഒരുഭാഗത്തെ കാഠിന്യം കുറച്ച് മറുഭാഗം കൂടുതല്‍ ഈര്‍പ്പമുള്ളതാക്കുകയാണെങ്കില്‍ അനായാസം പന്തിനെ റിവേഴ്‌സ് സ്വിങ് ചെയ്യിക്കാനാവും. ഈ തന്ത്രമാണ് ഓസീസ് താരങ്ങള്‍ മൂന്നാം ടെസ്റ്റിനിടെ പുറത്തെടുത്തതെന്നും ഫാനി ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 18 ടെസ്റ്റും 83 ഏകദിനവും കളിച്ച താരമാണ് ഫാനി ഡിവില്ലിയേഴ്‌സ്.
Next Story

RELATED STORIES

Share it