Flash News

ആസ്‌ത്രേലിയയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കാമുകനും തടവ്

ആസ്‌ത്രേലിയയില്‍ മലയാളിയെ കൊലപ്പെടുത്തിയ  ഭാര്യയ്ക്കും കാമുകനും തടവ്
X

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ മലയാളിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും തടവ്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ,  കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ക്കാണ് വിക്ടോറിയന്‍ സുപ്രിം കോടതി തടവ് വിധിച്ചത്. സോഫിയ 22 വര്‍ഷത്തെയും കരുണ്‍ 27 വര്‍ഷത്തെയും തടവ് അനുഭവിക്കണം. കേസില്‍ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയില്‍ കോടതി കണ്ടെത്തിയിരുന്നു.

മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം ഏബ്രഹാമിനെ 2015 ഒക്ടോബറിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചശേഷം ഭാര്യ സോഫിയ മെല്‍ബണിലേക്കു മടങ്ങുകയും ചെയ്തു. എന്നാല്‍, ആസ്‌ത്രേലിയന്‍ ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്നു വ്യക്തമായത്. സയനൈഡ് നല്‍കിയാണ് അരുണ്‍ സാമിനെ കൊലപ്പെടുത്തിയത്. സോഫിയയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ കേസില്‍ നിര്‍ണായകമായി.



കോട്ടയത്ത് കോളജില്‍ പഠിക്കുന്ന സമയത്താണ് സോഫിയ സാമുമായി പ്രണയത്തിലാകുന്നത്. പിന്നീട് അവിടെ തന്നെ വിദ്യാര്‍ഥിയായിരുന്ന അരുണുമായും സോഫിയ അടുത്തു. അരുണും കൊല്ലം സ്വദേശിയാണ്‌. വിവാഹത്തിന്റെ ആദ്യനാളുകളില്‍ സാം ദുബയിലായിരുന്നു. സോഫിയ ആസ്‌ത്രേലിയയിലെത്തി കുറെനാളുകള്‍ക്കുശേഷമാണ് സാം അവിടെ എത്തിയത്. അതിനിടെ, അരുണും ഭാര്യയും കുഞ്ഞും ആസ്‌ത്രേലിയയില്‍ എത്തി. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം പുനഃരാരംഭിച്ചു. തുടര്‍ന്ന് സാമിനെ ഒഴിവാക്കുന്നതിന് ഇരുവരും ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു.



മെല്‍ബണിന്റെ പ്രാന്തപ്രദേശമായ എപ്പിങിലുള്ള സാമിന്റെ വീട്ടില്‍ രാത്രിയിലെത്തിയ അരുണ്‍ സാമിനുള്ള അവൊക്കാഡോ ജ്യൂസില്‍ ആദ്യം ഉറക്ക ഗുളിക കലര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഉറക്കത്തിലേക്ക് വഴുതി വീണ സാമിന്റെ തൊണ്ടയിലേക്ക് സയനൈഡ് കലര്‍ന്ന ജ്യൂസ് ഒഴിച്ചു നല്‍കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കെറി ജൂഡ് കോടതിയെ അറിയിച്ചു. സാമിന്റെ മരണത്തെ തുടര്‍ന്ന് അരുണും സോഫിയയും ലിവിങ് ടുഗതര്‍ ആരംഭിച്ചിരുന്നു.
Next Story

RELATED STORIES

Share it