Flash News

ആസിഡ് കൊലപാതകം: ഭാര്യ അറസ്റ്റില്‍

മലപ്പുറം: ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം മുണ്ടുപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമയും ഉമ്മത്തൂര്‍ സ്വദേശിയുമായ പോത്തഞ്ചേരി ബഷീറി (52)നെ ആസിഡൊഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മലപ്പുറം ചാപ്പനങ്ങാടി സ്വദേശിനി സുബൈദ(48)യെയാണ് ഇന്നലെ മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 20നു രാത്രി മുണ്ടുപറമ്പിലെ വാടകവീട്ടില്‍ വച്ചാണ് ആസിഡ് ആക്രമണമുണ്ടായത്. മുഖത്തും നെഞ്ചിലും ആസിഡ് വീണു ഗുരുതരമായി പൊള്ളലേറ്റ ബഷീര്‍ 22നു രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അജ്ഞാതനാണ് ആക്രമണത്തിനു പിന്നിലെന്നും കിടക്കുകയായിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെന്നും ബഷീറിന്റെ മരണമൊഴിയില്‍ പറഞ്ഞിരുന്നു. അക്രമം നടക്കുന്ന സമയത്ത് ഭാര്യ സുബൈദ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തമിഴ്‌നാട്ടില്‍ പഠിക്കുന്ന മകന്‍ രാത്രി തിരിച്ചെത്തുമെന്നു പറഞ്ഞിരുന്നതിനാല്‍ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നില്ലെന്നാണു സുബൈദ പറഞ്ഞിരുന്നത്. മരണമൊഴി പിന്തുടര്‍ന്നു പോലിസ് തുടങ്ങിയ അന്വേഷണം ഒടുവില്‍ സുബൈദയിലെത്തുകയായിരുന്നു.
രാത്രി 11ന് ആക്രമണത്തിനിരയായ ബഷീറിനെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചതു പുലര്‍ച്ചെ ഒന്നിനാണ്. തുടര്‍ന്നു കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലിസ് ബഷീറിന്റെയും സുബൈദയുടെയും ഫോണ്‍വിളികള്‍ കൂടി പരിശോധിച്ചതോടെയാണ് കൊലപാതകത്തിനു പിന്നില്‍ ഭാര്യതന്നെയെന്ന് കണ്ടെത്തിയത്. ബഷീറിന്റെ വഴിവിട്ട ബന്ധത്തെച്ചൊല്ലിയുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് സുബൈദ മൊഴിനല്‍കിയിരിക്കുന്നത്. മുഖത്ത് ആസിഡ് ഒഴിച്ചു വികൃതമാക്കുകയായിരുന്നു ലക്ഷ്യമെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുബൈദ പറഞ്ഞു.
കേസിന്റെ സാഹചര്യങ്ങളും പ്രാഥമിക തെളിവുകളും ശേഖരിച്ചു പോലിസ് 23 മുതല്‍ സുബൈദയെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ബോധ്യമായെങ്കിലും ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇതിനായി പോലിസ് പ്രത്യേക സംഘം രൂപീകരിച്ചു. തുടര്‍ന്നു രഹസ്യമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ  ഭര്‍ത്താവിന്റെ മരണത്തില്‍ പലര്‍ക്കെതിരെയും സുബൈദ ആരോപണമുന്നയിക്കുകയും പല കഥകളുമുണ്ടാക്കി പോലിസിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. താമരശ്ശേരിയിലെ മൂന്നു പേര്‍ക്കെതിരെയും മലപ്പുറത്തെ ഒരു വ്യാപാരിക്കെതിരെയുമായിരുന്നു സുബൈദ ആരോപണങ്ങളുന്നയിച്ചിരുന്നത്. പോലിസ് ഇവരെ വിശദമായി ചോദ്യംചെയ്തു. ഇതിലും പോലിസ് വൈരുധ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു.
സുബൈദയുടെയും ഭര്‍ത്താവിന്റെയും ഫോണ്‍കോളുകള്‍ക്കു പുറമേ ഇവരുടെ സുഹൃത്തുക്കളെയും ചോദ്യംചെയ്തു. 100ലധികം പേരുടെ മൊഴികളാണ് അന്വേഷണസംഘം ശേഖരിച്ചത്. തുടര്‍ന്നു ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും സൂക്ഷ്മമായി വിശകലനം ചെയ്താണ് അവസാനം സുബൈദ തന്നെയാണ് കുറ്റംചെയ്തതെന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാവിലെ സുബൈദയുമായി പോലിസ് തെളിവെടുപ്പു നടത്തി. ആസിഡ് കാനും ഇവ ഒളിപ്പിച്ച കവറും മലപ്പുറം വാറങ്കോട് എംബിഎച്ച് ആശുപത്രിക്കു മുന്നിലെ തോട്ടില്‍ നിന്നു കണ്ടെടുത്തു. ബഷീറുമായി ആശുപത്രിയിലേക്കു വരുമ്പോള്‍ ആസിഡ് കാന്‍ സുബൈദ തോട്ടിലേക്ക് എറിയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആസിഡ് വാങ്ങിയ കടയും ഭര്‍ത്താവിന്റെ ദേഹത്തൊഴിച്ച രീതിയും സുബൈദ കാണിച്ചുകൊടുത്തു. സുബൈദയുടെ പുരുഷ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നു കേസന്വേഷിക്കുന്ന പ്രേംജിത്ത് പറഞ്ഞു.  പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it